---
title: "വൻ ദുരന്തം: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞു;  40 മരണം, എട്ട് പേർക്ക് പരിക്ക് "
english_title: "Passenger bus plunges into ravine in Balochistan, Pakistan; 40 dead, eight injured."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370144/passenger-bus-plunges-into-ravine-in-balochistan-pakistan-40-dead-eight-injured"
published_at: "2026-07-03T13:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b86cbb5bdb7_accidnet.jpg"
keywords: ["Passenger bus", "Balochistan", "Pakistan", "Accident", "Balochistan - Khyber Pakhtunkhwa border"]
---

# വൻ ദുരന്തം: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞു;  40 മരണം, എട്ട് പേർക്ക് പരിക്ക് 

> **Lead Summary:** **ഇസ്ലാമാബാദ് : **പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ വൻ ദുരന്തത്തിൽ 40 പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ബലൂചിസ്ഥാൻ - ഖൈബർ പഖ്തൂൺഖ്വ അതിർത്തിക്ക് സമീപമുള്ള ഷെറാനി-ഷോബ് ഹൈവേയിലെ ദാനാ സർ എന്ന മലയോര മേഖലയിലാണ് സംഭവം. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ഇസ്ലാമാബാദ് : **പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ വൻ ദുരന്തത്തിൽ 40 പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ബലൂചിസ്ഥാൻ - ഖൈബർ പഖ്തൂൺഖ്വ അതിർത്തിക്ക് സമീപമുള്ള ഷെറാനി-ഷോബ് ഹൈവേയിലെ ദാനാ സർ എന്ന മലയോര മേഖലയിലാണ് സംഭവം. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ക്വറ്റയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മെഡിക്കൽ എമർജൻസി റെസ്‌പോൺസ് സെന്ററിന്റെ കണക്കനുസരിച്ച് അപകടസ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകർ 40 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ എട്ട് യാത്രക്കാരെ വിദഗ്ധ ചികിത്സയ്ക്കായി ഷോബിലെ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെയും ഷെറാനിയിലുമുള്ള ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആറ് ആംബുലൻസുകൾ, 12 എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ, 10 ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവയെ അപകടസ്ഥലത്ത് വിന്യസിച്ച് വിപുലമായ രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്. ദുർഘടമായ മലയോര മേഖലയായതിനാൽ രക്ഷാപ്രവർത്തനം ഏറെ സങ്കീർണ്ണമായിരുന്നു.

ബസിൽ പരിധിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും വാഹനം അമിതവേഗതയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബസിലെ സ്വന്തം യാത്രക്കാർക്ക് പുറമെ, വഴിയിൽ കേടായിക്കിടന്ന മറ്റൊരു ബസിലെ യാത്രക്കാരെക്കൂടി ഇതിൽ കയറ്റിയിരുന്നതാണ് തിരക്ക് വൻതോതിൽ വർധിക്കാൻ കാരണമായത്.

36 യാത്രക്കാരുമായാണ് ബസ് ക്വറ്റയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ വഴിയിൽ കേടായ മറ്റൊരു ബസിലെ യാത്രക്കാരെക്കൂടി ഇതിലേക്ക് കയറ്റിയതോടെയാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. പരിക്കേറ്റവരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഷെറാനി ഡെപ്യൂട്ടി കമ്മീഷണർ ഹസ്രത്ത് വാലി കക്കർ വ്യക്തമാക്കി.

അപകടവിവരം അറിഞ്ഞയുടൻ ഷെറാനിയിലെ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. അയൽ സംസ്ഥാനമായ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ഈ ദൗത്യത്തിൽ പങ്കാളികളായി.

അപകടത്തിൽ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി കടുത്ത ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370144/passenger-bus-plunges-into-ravine-in-balochistan-pakistan-40-dead-eight-injured)