---
title: "ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ പങ്കെടുത്തേക്കില്ല; സുരക്ഷാ ആശങ്ക റിപ്പോർട്ട് "
english_title: "Security concerns; Mojtaba Khamenei will reportedly not attend his father's funeral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370077/security-concerns-mojtaba-khamenei-will-reportedly-not-attend-his-fathers-funeral"
published_at: "2026-07-03T10:08:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a473e0a6509c_FERTYT.jpg"
keywords: ["Latest news", "Security concerns", "Mojtaba Khamenei", "Funeral", "Ayatollah Ali Khamene"]
---

# ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ പങ്കെടുത്തേക്കില്ല; സുരക്ഷാ ആശങ്ക റിപ്പോർട്ട് 

> **Lead Summary:** തെഹ്‌റാൻ: **** അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഖമനയിയുടെ ഇന്ത്യയിലെ പ്രതിനിധിയും മൊജ്തബയുടെ അടുത്ത അനുയായിയുമായ ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ച് 'ഇന്ത്യ ടുഡേ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലുമായുള്ള സംഘർഷം കടുത്ത സാഹചര്യത്തിൽ നിലനിൽക്കുന്ന സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് ഈ തീരുമാനം.

## Article Content

തെഹ്‌റാൻ: **** അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഖമനയിയുടെ ഇന്ത്യയിലെ പ്രതിനിധിയും മൊജ്തബയുടെ അടുത്ത അനുയായിയുമായ ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ച് 'ഇന്ത്യ ടുഡേ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലുമായുള്ള സംഘർഷം കടുത്ത സാഹചര്യത്തിൽ നിലനിൽക്കുന്ന സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് ഈ തീരുമാനം.

കഴിഞ്ഞയാഴ്ച ഇറാൻ സന്ദർശിച്ചപ്പോൾ മൊജ്തബയുടെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നതായി ഹക്കിം ഇലാഹി വ്യക്തമാക്കി. ജനങ്ങളെ നേരിട്ട് കാണാൻ മൊജ്തബയ്ക്ക് താല്പര്യമുണ്ടെങ്കിലും നിലവിലെ അപകടകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്ന് അവർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ആയത്തുള്ള അലി ഖമനയിയുടെ വിയോഗം ഇറാൻ ജനതയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും ലക്ഷക്കണക്കിന് ആളുകൾ കടുത്ത ദുഃഖത്തിലാണെന്നും ഡൽഹി വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ജൂലൈ നാലിനാണ് ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുന്നത്. ജൂലൈ ഒമ്പതിന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ ഔദ്യോഗിക സംസ്‌കാരം നടക്കും. ഫെബ്രുവരി 28ന് തെഹ്‌റാനിൽ ഇസ്രയേൽ-യു.എസ് സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വർഷം ഇറാനെ നയിച്ച അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ തെഹ്‌റാൻ, മഷാദ്, ഖോം എന്നിവിടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

ചടങ്ങുകളിൽ രണ്ടു കോടിയോളം (20 മില്യൺ) ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചടങ്ങിൽ പങ്കെടുത്തേക്കും. 1989ൽ ആയത്തുള്ള റൂഹൊള്ള ഖൊമേനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഒരുകോടി ജനങ്ങൾ എന്ന റെക്കോർഡ് ഇത്തവണ മറികടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370077/security-concerns-mojtaba-khamenei-will-reportedly-not-attend-his-fathers-funeral)