---
title: "ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഇറാനിലെത്തും"
english_title: "Ayatollah Ali Khamenei's funeral; Indian delegation to arrive in Iran today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370064/ayatollah-ali-khameneis-funeral-indian-delegation-to-arrive-in-iran-today"
published_at: "2026-07-03T09:19:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4732696a855_ewrtreth.jpg"
keywords: ["Latest news", "Ayatollah Ali Khamene", "Funeral", "India", "Iran"]
---

# ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഇറാനിലെത്തും

> **Lead Summary:** തെഹ്‌റാൻ:**[**ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഇറാനിലെത്തും. ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.

## Article Content

തെഹ്‌റാൻ:**[**ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഇറാനിലെത്തും. ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.

ഇറാൻ വിദേശകാര്യ മന്ത്രി മസൂദ് പെസഷ്‌കിയാൻ ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് സന്ദർശനം. ഇന്ത്യയ്ക്ക് പുറമേ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും ഇറാൻ ക്ഷണം അയച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദും പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തിയും ചടങ്ങിൽ പങ്കെടുക്കും. ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബിനും ക്ഷണമുണ്ട്. ജമ്മു കാശ്മീരിലെ അഞ്ജുമാൻ-ഇ-ഷാരി ഷിയാൻ പ്രസിഡന്റ് ആഗ സയ്യിദ് ഹസനും കാശ്മീർ ജനതയെ പ്രതിനിധീകരിച്ച് അന്തിമോപചാരം അർപ്പിക്കും. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചടങ്ങിൽ പങ്കെടുത്തേക്കും.

വടക്ക് പടിഞ്ഞാറൻ ഇറാനിലെ വിശുദ്ധ നഗരമായ മഷാദിൽ ജൂലൈ ഒമ്പതിനാണ് സംസ്‌കാരം നടക്കുക. തെഹ്‌റാന് തെക്കുള്ള ഖോമിലും പ്രത്യേക ചടങ്ങുകൾ ഉണ്ടാകും. ഇസ്രയേൽ-യു.എസ് സഖ്യം തെഹ്‌റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഫെബ്രുവരി 28നാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വർഷം ഇറാന്റെ പരമോന്നത നേതാവായിരുന്നു അദ്ദേഹം.

യുദ്ധസാഹചര്യങ്ങൾ കാരണമാണ് ഫെബ്രുവരിയിൽ നടന്ന മരണത്തിന്റെ സംസ്‌കാര ചടങ്ങുകൾ ജൂലൈയിലേക്ക് നീണ്ടത്. വിവിധ നഗരങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ 20 മില്യണോളം (രണ്ടു കോടി) ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370064/ayatollah-ali-khameneis-funeral-indian-delegation-to-arrive-in-iran-today)