---
title: " ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴ തുടരുന്നു; മണ്ണിടിഞ്ഞു, ജലനിരപ്പ് ഉയർന്നു; ഹിമാചലിൽ ഒൻപത്  മരണം"
english_title: "Very heavy rain continues in many parts of North India."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370059/very-heavy-rain-continues-in-many-parts-of-north-india-"
published_at: "2026-07-03T09:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a472f1f23726_RAIN.jpg"
keywords: ["Torrential rain", "Raindeath", "Landslides in Himachal."]
---

#  ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴ തുടരുന്നു; മണ്ണിടിഞ്ഞു, ജലനിരപ്പ് ഉയർന്നു; ഹിമാചലിൽ ഒൻപത്  മരണം

> **Lead Summary:** **ഉത്തരേന്ത്യ : ** ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിയുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. ബദരീനാഥ്, കേദാർനാഥ് തീർത്ഥാടന യാത്രകൾ താത്ക്കാലികമായി തടസം നേരിടുന്നുണ്ട്.

## Article Content

**ഉത്തരേന്ത്യ : ** ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിയുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. ബദരീനാഥ്, കേദാർനാഥ് തീർത്ഥാടന യാത്രകൾ താത്ക്കാലികമായി തടസം നേരിടുന്നുണ്ട്.

ചമോലി ജില്ലയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൂടുതൽ ശക്തമായ മഴ ഉണ്ടാകുമെന്ന പ്രവചനത്തെത്തുടർന്ന് സംസ്ഥാനമുടനീളം അതീവ ജാഗ്രതയിലാണ്. അതേസമയം ഹിമാചൽ പ്രദേശ്, കാശ്മീർ സംസ്ഥാനങ്ങളിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു. വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അസം, അരുണാചൽ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഉള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും.

നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ 2.8 മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370059/very-heavy-rain-continues-in-many-parts-of-north-india-)