---
title: "അടി തിരിച്ചടി... നാടകീയത....., ഇഞ്ചുറി ടൈമിൽ വലകുലുക്കി ഗോൺസാലോ റാമോസ്; ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ"
english_title: "Portugal reach pre-quarterfinals after defeating Croatia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370040/portugal-reach-pre-quarterfinals-after-defeating-croatia"
published_at: "2026-07-03T06:56:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47102fbfac7_portugal.jpg"
keywords: []
---

# അടി തിരിച്ചടി... നാടകീയത....., ഇഞ്ചുറി ടൈമിൽ വലകുലുക്കി ഗോൺസാലോ റാമോസ്; ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ

> **Lead Summary:** ആവേശം നിറഞ്ഞു നിന്ന നോക്കൗട്ട് പോരാട്ടത്തില്‍ ക്രൊയേഷ്യയെ 2–1 ന് തകര്‍ത്ത് പോര്‍ച്ചുഗല്‍. മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്‍റെ മടങ്ങിവരവ്. പ്രീ–ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്പെയിനെ നേരിടും.

## Article Content

ആവേശം നിറഞ്ഞു നിന്ന നോക്കൗട്ട് പോരാട്ടത്തില്‍ ക്രൊയേഷ്യയെ 2–1 ന് തകര്‍ത്ത് പോര്‍ച്ചുഗല്‍. മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്‍റെ മടങ്ങിവരവ്. പ്രീ–ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്പെയിനെ നേരിടും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗൊണ്‍സാലോ റാമോസുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. 53–ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് ഡിഫന്‍ഡര്‍മാരുടെ ശ്രദ്ധ വഴുതിയത് മുതലെടുത്ത് പെരിസിച്ച് നടത്തിയ ക്ലിനിക്കല്‍ ഫിനിഷ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു.

ബോക്സിനുള്ളിലേക്ക് വന്ന പന്ത് അതിവിദഗ്ധമായാണ് പെരിസിച്ച് വലയിലാക്കിയത്.

അറ്റാക്കിങ്ങിനിടെ ക്രൊയേഷ്യൻ ബോക്സിനുള്ളിൽ വെച്ച് പോർച്ചുഗീസ് താരത്തെ ക്രൊയേഷ്യൻ ഡിഫൻഡർ ഫൗൾ ചെയ്തതോടെ ലഭിച്ച പെനാല്‍റ്റി 68-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളാക്കി. അധികസമയത്ത് ഗൊണ്‍സാലോ റാമോസ് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു.

മത്സരത്തിന്റെ തുടക്കം മുതൽ പോർച്ചുഗീസ് പ്രതിരോധം കടുത്ത സമ്മർദ്ദത്തിലാക്കാൻ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞിരുന്നു. പ്രതിരോധത്തിലും കൗണ്ടര്‍ അറ്റാക്കിലുമായിരുന്നു ക്രൊയേഷ്യയുടെ ശ്രദ്ധ. അതിന്റെ ഫലമായിരുന്നു പെരിസിച്ചിന്‍റെ ഗോള്‍. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചിരുന്നു.

പന്തടക്കത്തിലും ആധിപത്യത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിച്ചതിലും പോര്‍ച്ചുഗല്‍ മികച്ച് നിന്നു. ക്രൊയേഷ്യല്‍ ബോക്സിലേക്ക് നിരന്തരം പാസുകളും ക്രോസുകളുമെത്തിക്കാന്‍ ബ്രൂണോയ്ക്കും ലിയാവോയ്ക്കും കാന്‍സെലോയ്ക്കും കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370040/portugal-reach-pre-quarterfinals-after-defeating-croatia)