---
title: "തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവി; നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഐഎം"
english_title: "Defeat in the Taliparamba election CPIM takes action against those who criticized leaders on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370038/defeat-in-the-taliparamba-election-cpim-takes-action-against-those-who-criticized-leaders-on-social-media"
published_at: "2026-07-03T06:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fadee389ff4_cpim.jpg"
keywords: ["Latest News", "CPIM", "Taliparamba Election", "Action", "Kannur"]
---

# തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവി; നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഐഎം

> **Lead Summary:** കണ്ണൂര്‍: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വിചിത്ര നടപടിയുമായി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പോസ്റ്റില്‍ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് കമന്റിട്ട എല്‍സി അംഗത്തെ പുറത്താക്കി. കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തിനെയാണ് സിപിഐഎം പുറത്താക്കിയത്.

## Article Content

കണ്ണൂര്‍: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വിചിത്ര നടപടിയുമായി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പോസ്റ്റില്‍ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് കമന്റിട്ട എല്‍സി അംഗത്തെ പുറത്താക്കി. കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തിനെയാണ് സിപിഐഎം പുറത്താക്കിയത്.

കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശനെതിരെയും നടപടിയെടുത്തു. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. പ്രകാശന്‍ നേരത്തെ എം വി ഗോവിന്ദനെയും ജെയിംസ് മാത്യുവിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. പി കെ ശ്യാമള ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയില്ലാത്ത നേതാവാണെന്നും തോല്‍വി മുന്‍കൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെന്നും ഏരിയാ കമ്മിറ്റി വിമര്‍ശിച്ചിരുന്നു.

എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാര്‍ക്കുമെന്നും കമ്മിറ്റി വിമര്‍ശിച്ചിരുന്നു. അവരുടെ ഇടപെടല്‍ വോട്ട് കൂട്ടാനല്ല സഹായിച്ചതെന്നും ഏരിയാ കമ്മിറ്റി വിലയിരുത്തിയിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പി കെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. വോട്ടെടുപ്പിന് മുമ്പ് തന്നെ തോല്‍ക്കുമെന്ന് പാര്‍ട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചുവെന്നും പാര്‍ട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാര്‍ഥിയാക്കിയെന്ന് ശ്യാമള പറഞ്ഞതായും എം വി ഗോവിന്ദന്‍ വെളിപ്പെടുത്തിയിരുന്നു.

തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടി കെ ഗോവിന്ദനോടാണ് പി കെ ശ്യാമള പരാജയപ്പെട്ടത്. ടി കെ ഗോവിന്ദന്‍ 12,551 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ പി കെ ശ്യാമളയ്ക്ക് 78,788 വോട്ടാണ് ലഭിച്ചത്. 91,339 വോട്ട് ടി കെ ഗോവിന്ദന് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370038/defeat-in-the-taliparamba-election-cpim-takes-action-against-those-who-criticized-leaders-on-social-media)