---
title: "നാണംകെട്ട് ജർമനി; ചരിത്രത്തിലാദ്യമായി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തേക്ക്, 'ലോകോത്തര കളിക്കാരില്ലെന്ന്' ടോണി ക്രൂസ്"
english_title: "Former player Toni has leveled harsh criticism against the team following Germany's World Cup exit after a penalty shootout loss to Paraguay"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369996/former-player-toni-has-leveled-harsh-criticism-against-the-team-following-germanys-world-cup-exit-after-a-penalty-shootout-loss-to-paraguay"
published_at: "2026-07-02T17:27:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4652814e91d_rtyrty.jpg"
keywords: ["Sports", "Germany", "FIFA World cup 2026", "Penalty", "Paraguay"]
---

# നാണംകെട്ട് ജർമനി; ചരിത്രത്തിലാദ്യമായി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തേക്ക്, 'ലോകോത്തര കളിക്കാരില്ലെന്ന്' ടോണി ക്രൂസ്

> **Lead Summary:** പരാഗ്വയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ജർമനി ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം ടോണി ക്രൂസ്. ജർമനിക്ക് നിലവിൽ ലോകോത്തര കളിക്കാർ ഇല്ലെന്നും, അത്തരം കളിക്കാരാണ് നിലവിൽ ലോകകപ്പിൽ മത്സരഫലങ്ങൾ നിർണയിക്കുന്നതെന്നും ടോണി ക്രൂസ് പറഞ്ഞു. വേൾഡ് ക്ലാസ്സ് ആകാൻ സാധ്യതയുള്ള കളിക്കാർ ജർമൻ നിരയിലുണ്ടെങ്കിലും അവർ നിലവിൽ ലോകോത്തര കളിക്കാരാണെന്ന് അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

പരാഗ്വയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ജർമനി ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം ടോണി ക്രൂസ്. ജർമനിക്ക് നിലവിൽ ലോകോത്തര കളിക്കാർ ഇല്ലെന്നും, അത്തരം കളിക്കാരാണ് നിലവിൽ ലോകകപ്പിൽ മത്സരഫലങ്ങൾ നിർണയിക്കുന്നതെന്നും ടോണി ക്രൂസ് പറഞ്ഞു. വേൾഡ് ക്ലാസ്സ് ആകാൻ സാധ്യതയുള്ള കളിക്കാർ ജർമൻ നിരയിലുണ്ടെങ്കിലും അവർ നിലവിൽ ലോകോത്തര കളിക്കാരാണെന്ന് അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോൽവിക്ക് പിന്നാലെ ജർമൻ ക്യാമ്പിൽ കളിക്കാരും കോച്ച് നാഗൽസ്‌മാനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്കെടുക്കാൻ ക്യാപ്റ്റൻ കിമ്മിച്ച് നിർബന്ധിച്ചിട്ടും ജർമൻ താരങ്ങൾ വിമുഖത കാണിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. കടുത്ത നോക്കൗട്ട് ഘട്ടത്തിൽ 'വിന്നിങ് മെന്റാലിറ്റി' കാണിക്കാത്ത ജർമൻ ടീം പുറത്താകാൻ അർഹരാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ മത്സരത്തിൽ പോലും ക്ലീൻ ഷീറ്റ് നിലനിർത്താൻ ജർമനിക്ക് കഴിഞ്ഞിരുന്നില്ല. അവസാന മത്സരത്തിൽ ഇക്വഡോറിനോടും ജർമനി തോറ്റിരുന്നു. പ്രതിരോധനിരയുടെ മോശം പ്രകടനം വലിയ രീതിയിലാണ് വിമർശിക്കപ്പെടുന്നത്.

2014-ൽ കിരീടം നേടിയതിന് ശേഷം തുടർച്ചയായി മൂന്ന് ലോകകപ്പുകളിലാണ് ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്തുപോവുന്നത്. കൂടാതെ, ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ജർമനി പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത് എന്ന നാണക്കേടും ടീമിന് നേരിടേണ്ടി വന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369996/former-player-toni-has-leveled-harsh-criticism-against-the-team-following-germanys-world-cup-exit-after-a-penalty-shootout-loss-to-paraguay)