---
title: "വെള്ള മുട്ടയോ ബ്രൗൺ മുട്ടയോ കൂടുതൽ ആരോഗ്യകരം? യഥാർത്ഥ കാരണം ഇതാണ്"
english_title: "Which are healthier: white eggs or brown eggs?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369995/which-are-healthier-white-eggs-or-brown-eggs"
published_at: "2026-07-02T17:19:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4650b92efbb_tgthrt.jpg"
keywords: ["health", "white eggs", "brown eggs", "Protein"]
---

# വെള്ള മുട്ടയോ ബ്രൗൺ മുട്ടയോ കൂടുതൽ ആരോഗ്യകരം? യഥാർത്ഥ കാരണം ഇതാണ്

> **Lead Summary:** മുട്ട വാങ്ങാൻ പോകുമ്പോൾ പലരെയും അലട്ടുന്ന വലിയൊരു സംശയമാണ് വെള്ള മുട്ടയാണോ ബ്രൗൺ മുട്ടയാണോ കൂടുതൽ ആരോഗ്യകരം എന്നത്. തവിട്ടുനിറമുള്ള മുട്ടകൾ കൂടുതൽ ഓർഗാനിക് ആണെന്നും അവയിൽ പോഷകഗുണങ്ങൾ കൂടുതലാണെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. എന്നാൽ, ഈ വിശ്വാസത്തിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പാൽ മാണിക്യം വ്യക്തമാക്കുന്നു.

## Article Content

മുട്ട വാങ്ങാൻ പോകുമ്പോൾ പലരെയും അലട്ടുന്ന വലിയൊരു സംശയമാണ് വെള്ള മുട്ടയാണോ ബ്രൗൺ മുട്ടയാണോ കൂടുതൽ ആരോഗ്യകരം എന്നത്. തവിട്ടുനിറമുള്ള മുട്ടകൾ കൂടുതൽ ഓർഗാനിക് ആണെന്നും അവയിൽ പോഷകഗുണങ്ങൾ കൂടുതലാണെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. എന്നാൽ, ഈ വിശ്വാസത്തിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പാൽ മാണിക്യം വ്യക്തമാക്കുന്നു.

മുട്ടത്തോടിന്റെ നിറം നിർണ്ണയിക്കുന്നത് കോഴികളുടെ ഇനം (Breed) മാത്രമാണ്. വെളുത്ത തൂവലുകളുള്ള കോഴികൾ വെളുത്ത മുട്ടകളും, തവിട്ടുനിറമുള്ള തൂവലുകളുള്ള കോഴികൾ ബ്രൗൺ മുട്ടകളുമാണ് ഇടുന്നത്. ഇതിന് പിന്നിൽ ജനിതകപരമായ സവിശേഷത മാത്രമാണുള്ളത്.

പോഷക മൂല്യത്തിൽ മാറ്റമില്ല:

രണ്ട് തരത്തിലുള്ള മുട്ടകൾക്കും ഒരേ പോഷകമൂല്യമാണുള്ളത്. കോഴികൾക്ക് നൽകുന്ന തീറ്റയും പരിചരണവും ഒരുപോലെയാണെങ്കിൽ മുട്ടകളുടെ ഗുണനിലവാരത്തിലും വ്യത്യാസമുണ്ടാകില്ല. രണ്ടിലും ഏകദേശം 6 ഗ്രാം പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകൾ (B2, B12, A, D, E), അയൺ, ഫോസ്ഫറസ്, സെലിനിയം എന്നിവ തുല്യ അളവിൽ അടങ്ങിയിരിക്കുന്നു. മസ്തിഷ്കത്തിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിന് ഉത്തമമായ ആന്റിഓക്‌സിഡന്റുകളും ഇവയിൽ ഒരേപോലെയാണ്.

ബ്രൗൺ മുട്ടകൾക്ക് വില കൂടാൻ കാരണം?

ബ്രൗൺ മുട്ടയിടുന്ന കോഴികൾക്ക് ശരീരഭാരം കൂടുതലായതിനാൽ അവയ്ക്ക് കൂടുതൽ തീറ്റ നൽകേണ്ടി വരുന്നു. ഈ ഉൽപ്പാദനച്ചെലവ് കാരണമാണ് വിപണിയിൽ ബ്രൗൺ മുട്ടകൾക്ക് വില കൂടുന്നത്, അല്ലാതെ കൂടുതൽ ഗുണമുള്ളതുകൊണ്ടല്ല.

ചുരുക്കത്തിൽ, മുട്ടത്തോടിന്റെ നിറം നോക്കിയല്ല, മറിച്ച് കോഴികൾക്ക് നൽകുന്ന തീറ്റയും അവയെ വളർത്തുന്ന സാഹചര്യവുമാണ് മുട്ടയുടെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നത്. അതിനാൽ വെള്ളയായാലും ബ്രൗൺ ആയാലും പോഷക ഗുണത്തിൽ രണ്ടും തുല്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369995/which-are-healthier-white-eggs-or-brown-eggs)