---
title: "ശബരിമല സ്വർണക്കൊള്ള: 'കേസിൽ പ്രതിചേർത്തതിന് പിന്നിൽ ഗൂഢാലോചന നടക്കുന്നു', നിയമനടപടി സ്വീകരിക്കുമെന്ന് പി.എസ് പ്രശാന്ത്"
english_title: "sabarimala gold theft case ps prasanth reaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369953/sabarimala-gold-theft-case-ps-prasanth-reaction"
published_at: "2026-07-02T15:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4630d2555b0_ps_prasanth_.jpg"
keywords: ["Latest News", "PS Prasanth", "Gold Theft Case", "Sabrimala"]
---

# ശബരിമല സ്വർണക്കൊള്ള: 'കേസിൽ പ്രതിചേർത്തതിന് പിന്നിൽ ഗൂഢാലോചന നടക്കുന്നു', നിയമനടപടി സ്വീകരിക്കുമെന്ന് പി.എസ് പ്രശാന്ത്

> **Lead Summary:** തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. ശിൽപിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 2025ൽ കോടതിയെ അറിയിക്കാതെ സ്വർണം കൊണ്ടുപോയി എന്നത് മാത്രമാണ് സംഭവിച്ച ഏക വീഴ്ച.

## Article Content

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. ശിൽപിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 2025ൽ കോടതിയെ അറിയിക്കാതെ സ്വർണം കൊണ്ടുപോയി എന്നത് മാത്രമാണ് സംഭവിച്ച ഏക വീഴ്ച.

എന്നാൽ ഇതിൽ യാതൊരുവിധത്തിലുള്ള സ്വർണവും നഷ്ടപ്പെട്ടിട്ടില്ല. 2019ലെ സാഹചര്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ 2025ൽ എല്ലാവിധ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് മുന്നോട്ടുപോയതെന്നും പ്രശാന്ത് വിശദീകരിച്ചു. കേസിൽ തന്നെ പ്രതിചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 20നാണ് ദ്വാരപാലക ശിൽപത്തിൻ്റെ പീഠം കാണാനില്ലെന്ന വിവരം ഉണ്ണിക്കൃഷ്ണൻ പോറ്റി വെളിപ്പെടുത്തുന്നത്.

തുടർന്ന് പൊലീസ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വെഞ്ഞാറമൂട്ടിലുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നാണ് ഇത് കണ്ടെടുത്തത്. 2019ൽ നടന്ന സ്വർണക്കൊള്ളയുടെ വിവരങ്ങൾ അതുവരെ ആർക്കും അറിയില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കോടതിയിൽ സമർപ്പിച്ചത് തൻ്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡാണ്. എന്തെങ്കിലും മറച്ചുവയ്ക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ആ ഫയലുകൾ എളുപ്പത്തിൽ മാറ്റാമായിരുന്നു.

എന്നാൽ ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് ദേവസ്വം ബോർഡ് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് സ്വർണം തിരിമറി നടന്നുവെന്ന ആരോപണം ഉയർന്നത്. ഭക്തർ കാണിക്കയായി നൽകിയ സ്വർണം ശിൽപനിർമാണത്തിനായി ഉപയോഗിച്ചതിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ ഹൈക്കോടതി ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണങ്ങൾ ശക്തമായത്. എന്നാൽ സുതാര്യമായ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും തൻ്റെ ഭാഗം കോടതിയെ ബോധ്യപ്പെടുത്തുമെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369953/sabarimala-gold-theft-case-ps-prasanth-reaction)