---
title: "30-കളിലും കാൻസർ! കാരണം നിങ്ങളുടെ യഥാർത്ഥ പ്രായമല്ല, ശരീരത്തിന് പ്രായമാകുന്നതാണ് "
english_title: "Study finds increased cancer risk among those aged 30–40."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369943/study-finds-increased-cancer-risk-among-those-aged-3040"
published_at: "2026-07-02T14:33:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a462a8da01ad_ghtyiytu.jpg"
keywords: ["Latest news", "Cancer", "symptoms", "Doctor"]
---

# 30-കളിലും കാൻസർ! കാരണം നിങ്ങളുടെ യഥാർത്ഥ പ്രായമല്ല, ശരീരത്തിന് പ്രായമാകുന്നതാണ് 

> **Lead Summary:** **[** മുതിർന്നവരെ മാത്രം ബാധിക്കുന്ന രോഗമെന്ന നിലയിൽ നിന്ന് മാറി, 30-നും 40-നും ഇടയിൽ പ്രായമുള്ളവരിലും കാൻസർ കേസുകൾ ഇപ്പോൾ അതിവേഗം വർദ്ധിച്ചുവരികയാണ്. യുവതലമുറ മുൻപത്തേക്കാൾ വേഗത്തിൽ ജൈവശാസ്ത്രപരമായി വാർദ്ധക്യം പ്രാപിക്കുന്നതാണ് ഇതിന് കാരണമെന്ന് 'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു.

## Article Content

**[** മുതിർന്നവരെ മാത്രം ബാധിക്കുന്ന രോഗമെന്ന നിലയിൽ നിന്ന് മാറി, 30-നും 40-നും ഇടയിൽ പ്രായമുള്ളവരിലും കാൻസർ കേസുകൾ ഇപ്പോൾ അതിവേഗം വർദ്ധിച്ചുവരികയാണ്. യുവതലമുറ മുൻപത്തേക്കാൾ വേഗത്തിൽ ജൈവശാസ്ത്രപരമായി വാർദ്ധക്യം പ്രാപിക്കുന്നതാണ് ഇതിന് കാരണമെന്ന് 'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു.

നിങ്ങളുടെ യഥാർത്ഥ പ്രായവും ശരീരത്തിന്റെ ജൈവിക പ്രായവും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും കാൻസർ ഉൾപ്പെടെയുള്ള രോഗസാധ്യതകൾ വർദ്ധിക്കുമെന്ന് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. അഫ്ഷിൻ ഇമ്രാനി എക്സിൽ കുറിച്ചു. യുകെ ബയോബാങ്കിലെയും യുഎസിലെ 'ഓൾ ഓഫ് അസ്' പദ്ധതിയിലെയും ഒന്നര ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. 1950-കൾ മുതൽ 1990-കൾ വരെ ജനിച്ചവരെ താരതമ്യം ചെയ്തപ്പോൾ പുതിയ തലമുറയിലാണ് ജൈവിക വാർദ്ധക്യത്തിന്റെ നിരക്ക് കൂടുതൽ വേഗത്തിലാണെന്ന് കണ്ടെത്തിയത്.

ചെറുപ്പത്തിൽ തന്നെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാകുന്നവരിൽ ശ്വാസകോശ അർബുദ സാധ്യതയും, കൊഴുപ്പ് കലകൾക്ക് വേഗത്തിൽ പ്രായമാകുന്നവരിൽ വൻകുടൽ കാൻസർ സാധ്യതയും കൂടുതലാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

കാരണങ്ങൾ:

പ്രായമാകുമ്പോൾ കോശങ്ങളിലെ ഡിഎൻഎയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചെറുപ്രായത്തിൽ തന്നെ ഇങ്ങനെയുണ്ടാകുന്നത് അകാല വാർദ്ധക്യത്തിലേക്ക് നയിക്കുന്നു. മോശം ഭക്ഷണക്രമം, പൊണ്ണത്തടി, പുകവലി, അന്തരീക്ഷ മലിനീകരണം, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.

പ്രതിവിധി:

ശരിയായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ ജൈവിക വാർദ്ധക്യത്തിന്റെ വേഗത കുറയ്ക്കാൻ സാധിക്കും. പതിവ് വ്യായാമം, സമീകൃതാഹാരം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തൽ, പുകവലി ഒഴിവാക്കൽ, കൃത്യമായ ഉറക്കം എന്നിവ ശീലമാക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. അകാല വാർദ്ധക്യ സാധ്യതയുള്ളവരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് നേരത്തെ പരിശോധനകൾ നടത്തുന്നത് കാൻസർ സാധ്യത വലിയ തോതിൽ കുറയ്ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369943/study-finds-increased-cancer-risk-among-those-aged-3040)