---
title: "കേരളത്തിൽ മഴ കനക്കുന്നു: നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Possibility of very heavy rain in Kerala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369933/possibility-of-very-heavy-rain-in-kerala"
published_at: "2026-07-02T14:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4626565ec7f_RAIN.jpg"
keywords: ["Latest News", "Thiruvanandapuram", "Heavy Rain In Kerala", "Orange Alert"]
---

# കേരളത്തിൽ മഴ കനക്കുന്നു: നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം:[ **[ ]സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം:[ **[ ]സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയും, ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയും ഒഡിഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ രൂപപ്പെട്ട സീസണിലെ ആദ്യ ന്യൂനമർദ്ദവുമാണ് മഴ ശക്തിപ്പെടാൻ കാരണം.

അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഈ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ ജൂലൈ ആറ് വരെ സംസ്ഥാനത്തുടനീളം നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കും. നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂലൈ രണ്ട് മുതൽ ആറ് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മഴയോടൊപ്പം ഇടിമിന്നലിനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും കാലവർഷം സജീവമായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരുംദിവസങ്ങളിൽ രാജ്യത്താകമാനം മഴയുടെ തീവ്രത വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൊങ്കൺ, മഹാരാഷ്ട്ര, മധ്യ ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369933/possibility-of-very-heavy-rain-in-kerala)