---
title: "മകളുടെ മാനം കാക്കാൻ ശ്രമിച്ചതിന് വിലങ്ങ്! മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്, ചോദ്യം ചെയ്ത് കോടതി"
english_title: "Attempt to molest daughter in Pothencode; father breaks neighbor's leg; case registered against father; court questions the incident."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369924/attempt-to-molest-daughter-in-pothencode-father-breaks-neighbors-leg-case-registered-against-father-court-questions-the-incident"
published_at: "2026-07-02T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b94821a52_Woman_gang-raped.jpg"
keywords: ["Latest News", "Rape Attempt", "Pothencode", "Father Against Case", "Police Case"]
---

# മകളുടെ മാനം കാക്കാൻ ശ്രമിച്ചതിന് വിലങ്ങ്! മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്, ചോദ്യം ചെയ്ത് കോടതി

> **Lead Summary:** **തിരുവനന്തപുരം : ** പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടഞ്ഞ പിതാവിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് കോടതി.

## Article Content

**തിരുവനന്തപുരം : ** പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടഞ്ഞ പിതാവിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് കോടതി.

ആറ്റിങ്ങൽ കോടതിയാണ് കേസെടുത്തതിലെ വീഴ്ച ചോദ്യം ചെയ്തത്. തന്നെ മർദ്ദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്തത്. പിന്നീട് കാര്യം മനസിലായപ്പോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടാകുന്നത്. അയൽവാസിയായ നാല്പതുകാനാണ് 13 വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

സംഭവം കണ്ട പിതാവ് ഓടിയെത്തി ഇയാളെ നേരിടുകയായിരുന്നു. സംഭവത്തിൽ അയൽവാസിയുടെ കാലിന് പൊട്ടൽ ഏൽക്കുകയും, പൊലീസിൽ പരാതി നൽകിയ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് പോത്തൻകോട് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

പിന്നീടാണ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ പ്രതിരോധിക്കുന്നതിനിടയാണ് പരിക്കു പറ്റുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്കുശേഷം പോക്സോ വകുപ്പ് പ്രകാരം അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു.

പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി രഹസ്യ മൊഴിയും രേഖപ്പെടുത്തി. സംഭവത്തിന്റെ നിജസ്ഥിതി പരിശോധിക്കാത്ത പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് ആറ്റിങ്ങൽ കോടതി ചോദ്യം ചെയ്തത്.

പിതാവിന് എതിരായ പൊലീസ് വീഴ്ചയിൽ സേനക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന പിതാവിന്റെ ജാമ്യ നടപടി വേഗത്തിൽ ആക്കാൻ ഒരുങ്ങുകയാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369924/attempt-to-molest-daughter-in-pothencode-father-breaks-neighbors-leg-case-registered-against-father-court-questions-the-incident)