---
title: "'എനിക്ക് അവളെ ഇഷ്ടമല്ല, അവൾക്ക് തടിയാണ്'; ഒടുവിൽ ക്രൂര മർദ്ദനങ്ങൾക്കും ഗർഭച്ഛിദ്രങ്ങൾക്കും പിന്നാലെ 29-കാരിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു"
english_title: "Woman strangled to death by husband in Dharwad district of Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369821/woman-strangled-to-death-by-husband-in-dharwad-district-of-karnataka"
published_at: "2026-07-01T22:54:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dd13f9fed4_crime.jpg"
keywords: ["Latest News", "Murder Case", "Karnataka"]
---

# 'എനിക്ക് അവളെ ഇഷ്ടമല്ല, അവൾക്ക് തടിയാണ്'; ഒടുവിൽ ക്രൂര മർദ്ദനങ്ങൾക്കും ഗർഭച്ഛിദ്രങ്ങൾക്കും പിന്നാലെ 29-കാരിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു

> **Lead Summary:** **ധാർവാഡ്: ** കർണാടകയിലെ ധാർവാഡ് ജില്ലയിൽ മാസങ്ങളോളം നീണ്ട സ്ത്രീധന പീഡനത്തിനും, ശരീരപ്രകൃതിയെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലിനും, ഗാർഹിക പീഡനത്തിനും പിന്നാലെ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

## Article Content

**ധാർവാഡ്: ** കർണാടകയിലെ ധാർവാഡ് ജില്ലയിൽ മാസങ്ങളോളം നീണ്ട സ്ത്രീധന പീഡനത്തിനും, ശരീരപ്രകൃതിയെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലിനും, ഗാർഹിക പീഡനത്തിനും പിന്നാലെ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

പ്രിയങ്ക കമലകർ (29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബസവരാജ് വദ്ദറിനെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിയങ്കയെ ബസവരാജ് നിരന്തരം 'തടിച്ചവൾ' എന്നുവിളിച്ച് അപമാനിക്കുകയും അവൾക്ക് കുട്ടികളുണ്ടാകില്ലെന്ന് പറയുകയും ചെയ്തിരുന്നതായും, അതേസമയം, പ്രിയങ്കയ്ക്ക് ശാരീരിക മർദ്ദനവും ഗർഭച്ഛിദ്രവും നേരിടേണ്ടി വന്നതായും പോലീസ് പറയുന്നു.

2024 ഡിസംബറിലാണ് പ്രിയങ്കയും ബസവരാജും വിവാഹിതരായത്. എഫ്ഐആറിലെ വിവരമനുസരിച്ച്; വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ബസവരാജും വീട്ടുകാരും പ്രിയങ്കയ്ക്കുനേരെയുള്ള പീഡനങ്ങൾ ആരംഭിച്ചിരുന്നു.

ബസവരാജ് തന്റെ കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവർക്കൊപ്പം ചേർന്ന് പ്രിയങ്കയെ അവളുടെ വീട്ടിൽ നിന്ന് പണവും സ്വർണ്ണവും കൊണ്ടുവരാൻ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. അവളുടെ രൂപത്തെയും ശരീരഭാരത്തെയും ചൊല്ലി അവൾ നിരന്തരം അപമാനത്തിന് ഇരയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

ഭർത്താവിനേക്കാൾ 'തടിയുണ്ട്' എന്നുപറഞ്ഞാണ് പ്രതി അവളെ നിരന്തരം പരിഹസിച്ചിരുന്നത്. എന്തുകൊണ്ടാണ് ഗർഭിണിയാകാത്തതെന്ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ജൂൺ 29, തിങ്കളാഴ്ച രാത്രി നവൽഗുന്ദ് താലൂക്കിലെ ഹനസി ഗ്രാമത്തിലെ വീട്ടിൽവെച്ചാണ് ബസവരാജ് പ്രിയങ്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇതോടെ ഗ്രാമത്തിൽ വലിയതോതിലുള്ള പ്രതിഷേധം ഉയർന്നു.

പ്രിയങ്കയുടെ വിവാഹജീവിതത്തെക്കുറിച്ച് അവളുടെ കുടുംബം വളരെ ദാരുണമായ ചിത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. ബസവരാജ് അവളുടെ രൂപത്തെ എപ്പോഴും കളിയാക്കുമായിരുന്നു എന്നും, 'തടിയുള്ളത്' കൊണ്ട് അവളെ ഇഷ്ടമല്ലെന്നും അവൾക്ക് ഒരിക്കലും കുട്ടികളുണ്ടാകില്ലെന്നും പറഞ്ഞിരുന്നതായി പ്രിയങ്കയുടെ അമ്മാവൻ ആരോപിച്ചു.

വിവാഹശേഷം പ്രിയങ്ക രണ്ട് തവണ ഗർഭിണിയായെങ്കിലും ഭർത്താവിന്റെ ക്രൂരമായ മർദ്ദനം കാരണം ഗർഭച്ഛിദ്രം സംഭവിച്ചതായും കുടുംബം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി.

'അവൻ എപ്പോഴും പറയുമായിരുന്നു, 'എനിക്ക് അവളെ ഇഷ്ടമല്ല. അവൾക്ക് തടിയാണ്. അവൾക്ക് കുട്ടികൾ ഉണ്ടാവില്ല.' അവൾ രണ്ട് തവണ ഗർഭിണിയായി, പക്ഷേ മർദ്ദനം കാരണം രണ്ട് തവണയും ഗർഭച്ഛിദ്രം സംഭവിച്ചു.

' പ്രിയങ്കയുടെ അമ്മാവൻ പറയുന്നു. പ്രതിക്ക് കഠിനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ ആരോപണം അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കൊലപാതകത്തിന് കേസെടുത്ത നവൽഗുന്ദ് പോലീസ് ബസവരാജ് വദ്ദറിനെയും കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിട്ടുള്ളത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369821/woman-strangled-to-death-by-husband-in-dharwad-district-of-karnataka)