---
title: "അതൃപ്തി കാര്യമാക്കിയില്ല; ഗവർണർ ഒപ്പിട്ടു, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം"
english_title: "Seshadrinathan appointment as State Election Commissioner approved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369792/seshadrinathan-appointment-as-state-election-commissioner-approved"
published_at: "2026-07-01T18:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4510166a7b1_Seshadrinathan.jpg"
keywords: ["Latest News", "Seshadrinathan", "Election Commission of India", "UDF", "Rajendra Arlekar"]
---

# അതൃപ്തി കാര്യമാക്കിയില്ല; ഗവർണർ ഒപ്പിട്ടു, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഉത്തരവിൽ ഗവർണർ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അം​ഗീകാരമായത്. ശേഷാദ്രിനാഥന്റെ നിയമനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു.

## Article Content

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഉത്തരവിൽ ഗവർണർ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അം​ഗീകാരമായത്. ശേഷാദ്രിനാഥന്റെ നിയമനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു.

ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടിയാണ് നിയാസ് എതിർപ്പുന്നയിച്ചത്.

ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹമാധ്യമ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് നിയാസിൻ്റെ ആരോപണം. ആഭ്യന്തരമന്ത്രിയെ കണ്ട് പരാതി അറിയിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു. വിവാദത്തിന് ശേഷം പോസ്റ്റുകൾ മാറ്റിയെന്നും നിയാസ് പറയുന്നു.

അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി പ്രതികരിച്ചു. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നു ഇതെന്നും മന്ത്രി വ്യക്തമാക്കി.

ശേഷാദ്രിനാഥന്‍റേത് കോൺഗ്രസ് വിരുദ്ധ പശ്ചാത്തലമെന്നും നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് എതിരാണെന്നും ആരോപിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

2021മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിര്‍വഹിച്ചിരുന്ന എ. ഷാജഹാന്‍ വിരമിച്ച ഒഴിവിലാണ് മുന്‍ ജില്ലാ ജഡ്ജി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കോണ്‍ഗ്രസ് അനുഭാവികളായ പലരുടെയും പേരുകള്‍ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടാണ് ശേഷാദ്രി നാഥന്‍റെ നിയമനത്തിന് അനുകൂലമായതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369792/seshadrinathan-appointment-as-state-election-commissioner-approved)