---
title: "തലച്ചോറും ഹൃദയവുമെല്ലാം കവർന്നതാര് ? വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ഒരൊറ്റ ആന്തരികാവയവങ്ങളില്ല, അന്വേഷണം വേണമെന്ന് കുടുംബം"
english_title: "Indian sailor who died in Venezuela has no internal organs family demands investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369724/indian-sailor-who-died-in-venezuela-has-no-internal-organs-family-demands-investigation"
published_at: "2026-07-01T14:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44d3459acb5_Indian_sailor_death.jpg"
keywords: ["Latest News", "Indian Sailor", "Internal Organs Missing", "Veninzula"]
---

# തലച്ചോറും ഹൃദയവുമെല്ലാം കവർന്നതാര് ? വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ഒരൊറ്റ ആന്തരികാവയവങ്ങളില്ല, അന്വേഷണം വേണമെന്ന് കുടുംബം

> **Lead Summary:** ന്യൂഡെൽഹി: വെനസ്വേലയിൽ മരണപ്പെട്ട ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പാൻക്രിയാസ് അടക്കമുള്ള ആന്തരിക അവയവങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

## Article Content

ന്യൂഡെൽഹി: വെനസ്വേലയിൽ മരണപ്പെട്ട ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പാൻക്രിയാസ് അടക്കമുള്ള ആന്തരിക അവയവങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

നാവികനായിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് ചൗഹാന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതോടെ നാവികന്‍റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബവും ഫെഡറേഷൻ ഓഫ് സീഫറേഴ്‌സ് യൂണിയൻസ് ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു.

മർച്ചന്റ് നേവി കപ്പലിലെ ജീവനക്കാരനായ ദേവരിയയിലെ ലഗ്ദ ബസാർ സ്വദേശി രാകേഷ് ചൗഹാൻ (33) കഴിഞ്ഞ നവംബറിലാണ് വെനസ്വേലയിലേക്ക് പോയത്. മെയ് മാസത്തിൽ കപ്പലിൽ വച്ച് രാകേഷ് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കാൻ ഏകദേശം ഒരു മാസത്തോളമെടുത്തു.

ജൂൺ 4-നാണ് മൃതദേഹം ഉത്തർപ്രദേശിലെ ദേവരിയയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിയപ്പോൾ സംശയം തോന്നിയ കുടുംബം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് വീണ്ടും പോസ്റ്റ് മോർട്ടം നടത്തി.

ദേവരിയയിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ, പാൻക്രിയാസ്, ആമാശയം, കുടൽ, തൈറോയ്ഡ്, ശ്വാസനാളം തുടങ്ങിയവ അപഹരിക്കപ്പെട്ടതായി കണ്ടെത്തി. മൃതദേഹത്തിൽ കഴുത്തു മുതൽ അടിവയറ്റുവരെ 22 തുന്നലുകളും, ചെവി മുതൽ ചെവി വരെ 21 തുന്നലുകളും കണ്ടെത്തി.

ചൗഹാൻ കപ്പലിൽ വീണുവെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമായിരുന്നു കമ്പനി ഉദ്യോഗസ്ഥർ ആദ്യം ഫോണിലൂടെ അറിയിച്ചതെന്ന് കുടുംബം പറഞ്ഞു. പിറ്റേന്ന് രാവിലെ, ചൗഹാൻ രക്ഷപ്പെടാനുള്ള സാധ്യത 95 ശതമാനമാണെന്ന് അവരെ അറിയിച്ചു. വൈകുന്നേരത്തോടെ രാകേഷ് മരിച്ചെന്നും കമ്പനി അറിയിക്കുകയായിരുന്നു. വീഴ്ചയിൽ ഉണ്ടായ ഗുരുതരമായ പരിക്കുകൾ കാരണാണ് മരണമെന്നായിരുന്നു കമ്പനി അറിയിച്ചത്.

നാവികന്റെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ കൈമാറുമെന്ന് കമ്പനി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഒരു മാസത്തിനുശേഷം, ജൂൺ 4നാണ് മൃതദേഹം ദേവരിയയിൽ എത്തിച്ചതെന്നും കുടുംബം അറിയിച്ചു.

മരണ കാരണവും മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വരുത്തിയ കാലതാമസവും അവയവങ്ങൾ നീക്കം ചെയ്തതും വലിയ ദുരൂഹതയാണ് ഉയർത്തുന്നത്. ഇതിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. മരണത്തെക്കുറിച്ചോ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചോ ഒരു അറിയിപ്പും വെനിസ്വേലൻ അധികൃതരോ കപ്പൽ കമ്പനിയോ കുടുംബത്തിന് നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369724/indian-sailor-who-died-in-venezuela-has-no-internal-organs-family-demands-investigation)