---
title: "മാപ്പപേക്ഷിച്ച് താരം; ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു ,കെസിഎല്ലില്‍ പങ്കെടുക്കാം"
english_title: "Kerala Cricket Association lifts Sreesanth's ban"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369723/Kerala-Cricket-Association-lifts-Sreesanth's-ban"
published_at: "2026-07-01T14:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44d3b420087_gukyu.jpg"
keywords: ["Latest news", "Sreesanth", "Cricket", "Kerala Cricket Association", "Sanju samson"]
---

# മാപ്പപേക്ഷിച്ച് താരം; ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു ,കെസിഎല്ലില്‍ പങ്കെടുക്കാം

> **Lead Summary:** തിരുവനന്തപുരം: **[**മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെ.സി.എ) നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കെ.സി.എ ഭാരവാഹികൾക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകിയതിനെത്തുടർന്നാണ് നടപടി. കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിർണായക തീരുമാനം.

## Article Content

തിരുവനന്തപുരം: **[**മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെ.സി.എ) നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കെ.സി.എ ഭാരവാഹികൾക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകിയതിനെത്തുടർന്നാണ് നടപടി. കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിർണായക തീരുമാനം.

കഴിഞ്ഞ കെ.സി.എൽ സീസൺ മത്സരങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷനെതിരെ ശ്രീശാന്ത് കടുത്ത ഭാഷയിൽ രംഗത്തുവന്നത്. ഇതിന് പിന്നാലെ അസോസിയേഷന് അപകീർത്തി വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.സി.എ താരത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് അസോസിയേഷന് മുന്നിൽ ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിക്കാൻ ശ്രീശാന്ത് തയ്യാറായത്.

ഇന്ന് ചേർന്ന കെ.സി.എ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്യുകയും വിലക്ക് നീക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയുമായിരുന്നു. എന്നാൽ, ഭാവിയിൽ അസോസിയേഷനെതിരെയോ ക്രിക്കറ്റിന്റെ അച്ചടക്കത്തിന് ദോഷം ചെയ്യുന്ന രീതിയിലോ ഉള്ള പ്രസ്താവനകൾ ആവർത്തിച്ചാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും കെ.സി.എ നൽകിയിട്ടുണ്ട്.

വിലക്ക് പൂർണ്ണമായി പിൻവലിച്ചതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ സജീവമാകാൻ ശ്രീശാന്തിന് വഴിതുറന്നു. ലീഗിലെ പ്രമുഖ ടീമായ 'ഏരീസ് കൊല്ലം സെയിലേഴ്സ്' ഫ്രാഞ്ചൈസിയുടെ സഹഉടമയായി ശ്രീശാന്തിന് ഇനി തടസ്സങ്ങളില്ലാതെ തുടരാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369723/Kerala-Cricket-Association-lifts-Sreesanth's-ban)