---
title: "'കാശ് കിട്ടിയാൽ മരുന്ന് വാങ്ങാമായിരുന്നു...', കേരളത്തിൽ പ്രവാസി ക്ഷേമപെൻഷൻ മുടങ്ങി; ആയ കാലത്ത് മരുഭൂമിയിൽ കഷ്ട്ടപ്പെട്ടവരെയും സർക്കാർ വഞ്ചിക്കുകയാണോ...?"
english_title: "Expatriate welfare pension suspended in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369692/expatriate-welfare-pension-suspended-in-kerala"
published_at: "2026-07-01T12:55:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44c0d963109_pension.jpg"
keywords: ["Latest News", "Expatriate Welfare Pension", "Kerala", "Kerala Governmnet"]
---

# 'കാശ് കിട്ടിയാൽ മരുന്ന് വാങ്ങാമായിരുന്നു...', കേരളത്തിൽ പ്രവാസി ക്ഷേമപെൻഷൻ മുടങ്ങി; ആയ കാലത്ത് മരുഭൂമിയിൽ കഷ്ട്ടപ്പെട്ടവരെയും സർക്കാർ വഞ്ചിക്കുകയാണോ...?

> **Lead Summary:** 'പാവപ്പെട്ട മനുഷ്യർ അവരുടെ ചോരയും നീരുമുള്ള കാലത്ത് വിദേശത്തുപോയി കഷ്ടപ്പെട്ട് പണിയെടുത്ത് വന്നതാണ്. അവർക്കായി കൊടുക്കാമെന്ന് മുന്നേ നിശ്ചയിച്ചിട്ടുള്ളതാണ് അവര്‍ക്ക് ആ പണം കൊടുക്കണം, പാവപ്പെട്ട മനുഷ്യരല്ലേ, അവര്‍ക്കും ജീവിക്കണ്ടേ...'

## Article Content

'പാവപ്പെട്ട മനുഷ്യർ അവരുടെ ചോരയും നീരുമുള്ള കാലത്ത് വിദേശത്തുപോയി കഷ്ടപ്പെട്ട് പണിയെടുത്ത് വന്നതാണ്. അവർക്കായി കൊടുക്കാമെന്ന് മുന്നേ നിശ്ചയിച്ചിട്ടുള്ളതാണ് അവര്‍ക്ക് ആ പണം കൊടുക്കണം, പാവപ്പെട്ട മനുഷ്യരല്ലേ, അവര്‍ക്കും ജീവിക്കണ്ടേ...'

കേരളത്തിന്‍റെ സാമ്പത്തിക നിലനില്‍പ്പിലും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയിലും പ്രവാസി കേരളീയര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി പെന്‍ഷനും മറ്റ് ക്ഷേമ പുനരധിവാസ പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയായി പാസാക്കിയ നിയമമാണ് ‘കേരള പ്രവാസി കേരളീയ ക്ഷേമ ആക്ട്, 2008’. 2009 ജനുവരി മാസം 12 ന് നിലവില്‍ വന്ന ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം 12/03/2009-ല്‍ സമാരംഭിച്ചു. 15 അംഗ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഉള്‍ക്കൊള്ളുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് 2009-മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിച്ചു വരുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി കിട്ടിയിരുന്നതാണ്. എന്നാൽ ഇന്ന് യുഡിഎഫ് സർക്കാർ‌ ചുമതലയേറ്റതിന് ശേഷം പ്രവാസിക്ഷേമ പെൻഷനും മുടങ്ങിയിരുന്നു എന്ന് ആരോപണം ഉയരുന്നു.

ജീവിതത്തിന്റെ നല്ല നാളുകൾ മുഴുവൻ അന്യ നാടുകളിൽ ഹോമിച്ച് നാട്ടിലേക്ക് മടങ്ങി എത്തിയവർക്ക് ഒരു കൈത്താങ്ങാകാനാണ് മുൻ സർക്കാരുകൾ പ്രവാസി ക്ഷേമം പെൻഷൻ ആരംഭിച്ചതും തുടർന്ന് കൊണ്ട് പോന്നിരുന്നതും.

അംശദായം അടയ്‌ക്കുന്ന പ്രവാസികൾക്ക്‌ 60 വയസ്സായാൽ 3000 മുതൽ 7000 രൂപവരെയാണ്‌ പ്രവാസി ക്ഷേമ ബോർഡ്‌ മുഖേന പെൻഷൻ ലഭിക്കുക. നാട്ടിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി കഷ്ട്ടപ്പെടുന്നവർക്ക് വലിയ ആശ്വാസം ആയിരുന്നു ഈ പെൻഷൻ.

എല്ലാ മാസവും പതിനഞ്ചിനകം ഗുണഭോക്താക്കളുടെ അക്ക‍ൗണ്ടിൽ തുക എത്തുകയാണ്‌ പതിവ്‌. എന്നാൽ, 2026 ജൂൺ മാസം കഴിഞ്ഞിട്ടും മെയ്‌ മാസത്തെ പെൻഷൻ ലഭിച്ചിട്ടില്ല എന്ന് പരാതി ഉയരുന്നുണ്ട്.

9.48 ലക്ഷംപേരാണ്‌ ക്ഷേമ ബോർഡിൽ അംശദായം അടയ്‌ക്കുന്നത്‌. അംശദായത്തേക്കാൾ തുക പെൻഷനുവേണ്ടി ചെലവഴിക്കുന്ന ബോർഡിന്‌ ആവശ്യമായ തുക യഥാസമയം സർക്കാരാണ്‌ അനുവദിക്കുന്നത്‌. ഇതുപ്രകാരം, ഏപ്രിലിലെ പെൻഷനുള്ള തുക മുൻകൂറായി എൽഡിഎഫ്‌ സർക്കാർ അനുവദിച്ചിരുന്നു. 20 കോടി രൂപയും കൈമാറി. മെയ്‌ 15ന്‌ ക്ഷേമ ബോർഡ്‌ ഭാരവാഹികൾ രാജിവച്ചു. അതിനുശേഷം യുഡിഎഫ്‌ പ്രതിനിധികൾ ചുമതലയേറ്റു. എന്നിട്ടും മെയ്‌ മാസത്തെ പെൻഷൻ കാര്യത്തിൽ അനാസ്ഥ തുടരുകയാണ്‌.

എല്ലാ പ്രവാസികള്‍ക്കും മിനിമം പെന്‍ഷന്‍ 3000 രൂപയാക്കി രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷനായി നല്‍കുന്ന ബോര്‍ഡാക്കി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിനെ എൽഡിഎഫ്‌ സര്‍ക്കാര്‍ മാറ്റിയിരുന്നു. രണ്ടുവർഷം വിദേശത്ത്‌ ജോലി ചെയ്‌ത, പ്രവാസി ക്ഷേമബോർഡിൽ അംശദായം അടച്ചവർക്കാണ്‌ 60 വയസ്സ്‌ തികഞ്ഞാൽ പെൻഷൻ ലഭിക്കുക. അടയ്‌ക്കുന്ന തുകയുടെ കാലാവധി അനുസരിച്ചാണ്‌ പെൻഷനിൽ വർധനയുണ്ടാകുക.

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തിവെച്ചതുപോലെ പ്രവാസി പെൻഷനും നിർത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികുടുംബങ്ങൾ.

കേരളത്തിൽ ഇന്ന് കാണുന്ന വികസനത്തിന്റെയും ഐശ്വര്യത്തിന്റെയും മുഖ്യ സ്രോതസ് പ്രവാസികളാണ്. അവരെ കൈവിടുന്നത് അവരോട് ചെയ്യുന്ന വഞ്ചനയായിരിക്കും.

നിലവില്‍ ലോകത്തിന്‍റെ ഏതു കോണില്‍ നിന്നും ഓണ്‍ലൈനായി ബോര്‍ഡില്‍ അംഗത്വം എടുക്കാനും അംശദായം അടയ്ക്കാനും കഴിയുന്ന കേരളത്തിലെ ഏക അന്തര്‍ദ്ദേശീയ വെല്‍ഫെയര്‍ ബോര്‍ഡായി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മാറിക്കഴിഞ്ഞു. ഈ കോവിഡ് കാലത്ത് പ്രവാസികളെ സഹായിക്കാന്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുന്നില്‍ തന്നെയുണ്ടായിരുന്നു.

പ്രവാസികളുടെ സമഗ്രമായ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഇതിലെ അംഗങ്ങളായ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു വരുന്നു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ആവിഷ്കരിച്ചിട്ടുളള വിവിധ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊ ളളുന്ന പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതി അര്‍ഹരായ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനായി ബോര്‍ഡ് പരിശ്രമിച്ചു വരുന്നു.

ഇത്തരത്തില്‍ ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന മലയാളി പ്രവാസി സമൂഹത്തിന് ആശ്രയ കേന്ദ്രമായി, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മാറിയിരിക്കുന്നു. പ്രവാസ ജീവിതം സുരക്ഷിതമാക്കുവാന്‍ ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിന് നിധിയില്‍ അംഗത്വമെടുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്.

**അംഗത്വമെടുക്കാൻ**

1. ആദ്യ ഘട്ടം: പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കൽ (60 വയസ്സിന് മുൻപ്)

നിങ്ങൾ ഇതിനകം അംഗമല്ലെങ്കിൽ, ആദ്യം അംഗത്വത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം:

രജിസ്ട്രേഷൻ ഫീസ്: എല്ലാ വിഭാഗങ്ങൾക്കും ₹200 ആണ്.

പ്രതിമാസ അംശദായം (Monthly Contribution):

വിദേശത്തുള്ള പ്രവാസികൾ (Form 1A): പ്രതിമാസം ₹350.

മടങ്ങിയെത്തിയ പ്രവാസികൾ (Form 1B): പ്രതിമാസം ₹200.

കേരളത്തിന് പുറത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്നവർ (Form 2A): പ്രതിമാസം ₹200.

**ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്ന വിധം:**

Pravasi Kerala Official Website സന്ദർശിക്കുക.

'Services' ക്ലിക്ക് ചെയ്ത് 'Online Apply' എന്നത് തിരഞ്ഞെടുക്കുക.

നിങ്ങളുടെ വിഭാഗത്തിന് അനുയോജ്യമായ ഫോം (Form 1A / 1B / 2A) സെലക്ട് ചെയ്യുക.

വ്യക്തിഗത വിവരങ്ങൾ, വിലാസം, നോമിനിയുടെ വിവരങ്ങൾ എന്നിവ കൃത്യമായി പൂരിപ്പിക്കുക.

പാസ്പോർട്ട്, വിസ (വിദേശത്തുള്ളവർക്ക്), ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക.

രജിസ്ട്രേഷൻ ഫീസും ആദ്യ മാസത്തെ അംശദായവും ഓൺലൈനായി അടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.

**2. രണ്ടാം ഘട്ടം: 60 വയസ്സ് തികയുമ്പോൾ പെൻഷനായി അപേക്ഷിക്കൽ**

ക്ഷേമനിധിയിൽ നിലവിൽ അംഗത്വമുള്ളവർക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ ഓൺലൈൻ വഴി പെൻഷനായി അപേക്ഷിക്കാം:

Pravasi Kerala പോർട്ടൽ തുറക്കുക.

Services ➔ Already registered members വഴി നിങ്ങളുടെ User Name, Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

മെനുവിലെ Schemes ➔ Pension എന്ന ലിങ്കിൽ പ്രവേശിക്കുക.

പെൻഷൻ അപേക്ഷാ ഫോമിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ നൽകുക.

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക:

അംഗത്വ തിരിച്ചറിയൽ കാർഡ് (Pravasi ID Card).

ആധാർ കാർഡിന്റെ പകർപ്പ്.

ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് (IFSC കോഡ് വ്യക്തമായിരിക്കണം).

ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് (Life Certificate).

നോമിനിയുടെ സമ്മതപത്രം.

അപേക്ഷ പൂർണ്ണമായി പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

**ശ്രദ്ധിക്കുക:** അംശദായം അടവിൽ എന്തെങ്കിലും കുടിശ്ശികയുണ്ടെങ്കിൽ പെൻഷൻ പ്രായം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ പിഴ സഹിതം അടച്ചുതീർത്ത് പെൻഷന് അപേക്ഷിക്കാവുന്നതാണ്.

**ലഭ്യമാകുന്ന കുറഞ്ഞ പെൻഷൻ തുക**

Form 1A (വിദേശത്തുള്ളവർ): പ്രതിമാസം കുറഞ്ഞത് ₹3,500.

Form 1B & 2A (നാട്ടിൽ തിരിച്ചെത്തിയവരും മറ്റ് സംസ്ഥാനങ്ങളിലുള്ളവരും): പ്രതിമാസം കുറഞ്ഞത് ₹3,000.

5 വർഷത്തിൽ കൂടുതൽ കാലയളവ് വിഹിതം അടച്ചവർക്ക്, അധികം വരുന്ന ഓരോ വർഷത്തിനും നിശ്ചിത ശതമാനം ഉയർന്ന പെൻഷൻ ലഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369692/expatriate-welfare-pension-suspended-in-kerala)