---
title: "നിങ്ങൾ ഒരു മനുഷ്യ സ്ത്രീയാണോ? ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന രോഗിയെ തുടർച്ചയായി ചവിട്ടി; യുപിയിൽ ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ"
english_title: "Patient beaten up in UP hospital, employee suspended after footage goes viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369688/patient-beaten-up-in-up-hospital-employee-suspended-after-footage-goes-viral"
published_at: "2026-07-01T12:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44bfb94ec74_crime.jpg"
keywords: ["Uttar Pradesh", "Rae Bareli District Hospital", "Patient beaten", "Employee suspended", "Departmental inquiry", "Hospital negligence"]
---

# നിങ്ങൾ ഒരു മനുഷ്യ സ്ത്രീയാണോ? ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന രോഗിയെ തുടർച്ചയായി ചവിട്ടി; യുപിയിൽ ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ

> **Lead Summary:** **ലഖ്നൗ: **ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിൽ രോഗിയെ ജീവനക്കാരി ക്രൂരമായി മർദ്ദിച്ച സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ആശുപത്രിയിലെ സ്വീപ്പറായ പിങ്കി രോഗിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.

## Article Content

**ലഖ്നൗ: **ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിൽ രോഗിയെ ജീവനക്കാരി ക്രൂരമായി മർദ്ദിച്ച സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ആശുപത്രിയിലെ സ്വീപ്പറായ പിങ്കി രോഗിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയായ ജീവനക്കാരിയെ സർവീസിൽ നിന്ന് അടിയന്തരമായി സസ്പെൻഡ് ചെയ്തു. കഴിഞ്ഞദിവസങ്ങളിലാണ് റായ്ബറേലി ജില്ലാ ആശുപത്രിയിൽനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.

ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന പുരുഷനെയാണ് പിങ്കി ചവിട്ടി പരിക്കേൽപ്പിച്ചത്. 35 സെക്കൻഡിനിടെ മാത്രം പത്തുതവണയോളം ജീവനക്കാരി രോ​ഗിയെ ചവിട്ടിയിരുന്നു. ഇയാൾ മാനസികരോ​ഗിയാണെന്നും വിവരങ്ങളുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ജീവനക്കാരിക്കെതിരേ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതോടെ ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. തുടർന്നാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ആരോ​ഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷും പറഞ്ഞു. ജീവനക്കാർ നല്ലരീതിയിൽ പെരുമാറുന്നുണ്ടെന്ന് എല്ലാ മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369688/patient-beaten-up-in-up-hospital-employee-suspended-after-footage-goes-viral)