---
title: "വിവാഹമെന്നാൽ പാട്ടും ഡാൻസും തിന്നലും കുടിക്കലും മാത്രമല്ല; രജിസ്ട്രേഷൻ മാത്രം കൊണ്ട് ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി"
english_title: "Hindu marriage not valid just by registration, says Gujarat High Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369681/hindu-marriage-not-valid-just-by-registration-says-gujarat-high-court"
published_at: "2026-07-01T12:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ba56aff3c_gujarath.jpg"
keywords: ["Latest News", "Gujarat High Court", "Hindu Marriage", "Registration"]
---

# വിവാഹമെന്നാൽ പാട്ടും ഡാൻസും തിന്നലും കുടിക്കലും മാത്രമല്ല; രജിസ്ട്രേഷൻ മാത്രം കൊണ്ട് ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

> **Lead Summary:** അഹമ്മദാബാദ്: അഗ്നിയെ വലംവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇല്ലാതെ, രജിസ്‌ട്രേഷന്‍ മാത്രം കൊണ്ട് ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹമെന്നാല്‍ വെറും പാട്ടും ഡാന്‍സും മാത്രമല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

## Article Content

അഹമ്മദാബാദ്: അഗ്നിയെ വലംവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇല്ലാതെ, രജിസ്‌ട്രേഷന്‍ മാത്രം കൊണ്ട് ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹമെന്നാല്‍ വെറും പാട്ടും ഡാന്‍സും മാത്രമല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സ്ഥലവും സംസ്‌കാരവും അനുസരിച്ച് വ്യത്യസ്തമാണെങ്കില്‍ക്കൂടി ആചാരവും ചടങ്ങുകളും വ്യക്തിയുടെ ആത്മീയമായ നിലനില്‍പ്പിനെ ശുദ്ധമാക്കുന്ന കാര്യങ്ങളാണെന്ന് കോടതി പറഞ്ഞു.

അഗ്നിയെ ഏഴു ചുറ്റു വലംവയ്ക്കുന്ന ചടങ്ങ് വിവാഹത്തിന് ആത്മീയവും സാമൂഹ്യവും നിയമപരവുമായ സാധുത നല്‍കും. അത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ഇലേഷ് വോറ, ആര്‍ടി വചാനി എന്നിവര്‍ അഭിപ്രായപ്പെട്ടു.

വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൗശല്‍ സൊനാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. തന്റെ ആവശ്യം നിരസിച്ച കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സൊനാര്‍ ഹൈക്കോടതിയില്‍ എത്തിയത്. തന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് വന്ന യുവതിക്കെതിരെയാണ് ഇയാള്‍ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വിവാഹ സര്‍ട്ടിഫിക്കറ്റുമായി യുവതി തന്റെ മാതാപിതാക്കളെ സമീപിക്കുകയായിരുന്നെന്നും യുകെയില്‍ താമസിക്കുന്ന താനും അഹമ്മദാബാദിലുള്ള യുവതിയും തമ്മില്‍ വിവാഹ ബന്ധം ഇല്ലെന്നും സൊനാര്‍ ഹര്‍ജിയില്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റിലെ ഒപ്പ് വ്യാജമാണെന്ന സൊനാറിന്റെ വാദം തള്ളിയാണ് കുടുംബ കോടതി ആവശ്യം നിരസിച്ചത്.

ആചാരപരമായ ചടങ്ങുകളോടെയുള്ള ബന്ധത്തിനേ ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം വകുപ്പു പ്രകാരം സാധുതയുള്ളൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഇത്തരം ചടങ്ങുകള്‍ ഒന്നും നടന്നിട്ടില്ല. ഭാര്യാ ഭര്‍തൃ ബന്ധത്തോടെ ജീവിച്ചിട്ടില്ലെന്ന് യുവതി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കണക്കിലെടുക്കുന്നതില്‍ കുടുംബ കോടതിക്കു പിഴവു പറ്റിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

ഹിന്ദു വിവാഹം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് അതിന്റേതായ പവിത്രതയും പ്രാധാന്യവും നല്‍കേണ്ടതുണ്ട്. യുവാക്കള്‍ അതിനെ ആ രീതിയില്‍ തന്നെ കാണണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്.

സമൂഹത്തില്‍ വിവാഹത്തിനുള്ള പവിത്രത യുവാക്കള്‍ മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. പാട്ടും നൃത്തവും മാത്രമായാല്‍ വിവാഹമാവില്ല. തിന്നലും കുടിക്കലും മാത്രമല്ല അത്. ഒരു പുരുഷനും സ്ത്രീയും പുതിയ ബന്ധത്തിലേക്കു പ്രവേശിക്കുന്ന വിശുദ്ധമായ ചടങ്ങാണ്- കോടതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369681/hindu-marriage-not-valid-just-by-registration-says-gujarat-high-court)