---
title: "ആശങ്കകൾക്ക് വിട..: വിഴിഞ്ഞം ഓഹരി കൈമാറ്റം: പ്രതിപക്ഷത്തോട് യോജിച്ച് മുഖ്യമന്ത്രി; സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കുമെന്ന് നിയമസഭയിൽ ഉറപ്പ്"
english_title: "Vizhinjam share transfer: Chief Minister validates Opposition's concerns; adopts a firm stance prioritizing state interests."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369676/vizhinjam-share-transfer-chief-minister-validates-oppositions-concerns-adopts-a-firm-stance-prioritizing-state-interests"
published_at: "2026-07-01T12:09:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44b6652459a_Untitled-vd.jpg"
keywords: ["Vizhinjam International Seaport Project", "Vizhinjam Port", "Adani Group", "share transfer", "Chief Minister's statement", "Legislative Assembly"]
---

# ആശങ്കകൾക്ക് വിട..: വിഴിഞ്ഞം ഓഹരി കൈമാറ്റം: പ്രതിപക്ഷത്തോട് യോജിച്ച് മുഖ്യമന്ത്രി; സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കുമെന്ന് നിയമസഭയിൽ ഉറപ്പ്

> **Lead Summary:** **തിരുവനന്തപുരം: **വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭ്യൂഹങ്ങളിലും ആശങ്കകളിലും നിയമസഭയിൽ മുഖ്യമന്ത്രി വിശദീകരണം നൽകി. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയങ്ങളോട് പൂർണമായി യോജിച്ച മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളും സുരക്ഷയും പൂർണമായി ഉറപ്പുവരുത്തി മാത്രമേ വിഴിഞ്ഞത്ത് ഇനി എന്ത് നീക്കവും അനുവദിക്കൂ എന്ന് സഭയ്ക്ക് ഉറപ്പുനൽകി.

## Article Content

**തിരുവനന്തപുരം: **വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭ്യൂഹങ്ങളിലും ആശങ്കകളിലും നിയമസഭയിൽ മുഖ്യമന്ത്രി വിശദീകരണം നൽകി. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയങ്ങളോട് പൂർണമായി യോജിച്ച മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളും സുരക്ഷയും പൂർണമായി ഉറപ്പുവരുത്തി മാത്രമേ വിഴിഞ്ഞത്ത് ഇനി എന്ത് നീക്കവും അനുവദിക്കൂ എന്ന് സഭയ്ക്ക് ഉറപ്പുനൽകി.

മാധ്യമ വാർത്തകളിലൂടെയാണ് ഓഹരി കൈമാറ്റ വിവരം അറിഞ്ഞതെന്നും അദാനി ഗ്രൂപ്പ് ഇതുവരെ ഇക്കാര്യത്തിൽ സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തുറമുഖത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ കമ്പനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎസ്‌സി കമ്പനിക്ക് നിക്ഷേപാവകാശം നൽകുന്നത് ഒരു പ്രത്യേക കുത്തകയ്ക്ക് അവകാശം നൽകുന്നതിന് തുല്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആക്ഷേപം. ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാധ്യതകളെ സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു കമ്പനിയിലേക്ക് മാത്രം കാര്യങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നത് മറ്റ് കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നതിന് തടസമുണ്ടാക്കും. വിവിധ കമ്പനികളുടെ കപ്പലുകൾ എത്തുന്നതാണ് സംസ്ഥാനത്തിന് ലാഭകരം. കുത്തകവൽക്കരണം ഉണ്ടായാൽ മൾട്ടി ഓപ്പറേറ്റിങ് സംവിധാനം പോലും സാധ്യമാകാതെ വരും.

കൂടാതെ, 2032 മുതൽ സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിൽ കൃത്രിമമായി കുറവ് വരുത്താനുള്ള നീക്കമാണിതെന്നും പിണറായി വിജയൻ സഭയിൽ ആരോപിച്ചു. പഹൽഗാം അടക്കമുള്ള അക്രമങ്ങൾ നടന്ന പശ്ചാത്തലത്തിൽ അതീവ സുരക്ഷയുള്ള സ്ഥലമായാണ് കേന്ദ്രസർക്കാർ വിഴിഞ്ഞത്തെ കാണുന്നതെന്നും, 26 ശതമാനത്തിന് മുകളിൽ ഓഹരി വിൽപ്പന നടത്തരുത് എന്ന നിബന്ധനയുണ്ടെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369676/vizhinjam-share-transfer-chief-minister-validates-oppositions-concerns-adopts-a-firm-stance-prioritizing-state-interests)