---
title: "ഫോൺ വിളി ചോദ്യം ചെയ്തു: ഭർതൃമാതാവിന്റെ കഴുത്തറുക്കാൻ ശ്രമിച്ച് യുവതി"
english_title: "Woman arrested for stabbing husband's mother-in-law over phone call dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369635/woman-arrested-for-stabbing-husbands-mother-in-law-over-phone-call-dispute"
published_at: "2026-07-01T09:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4497981178e_drtgbf.jpg"
keywords: ["Latest news", "Phone call", "Mother-in-law", "Stabbing"]
---

# ഫോൺ വിളി ചോദ്യം ചെയ്തു: ഭർതൃമാതാവിന്റെ കഴുത്തറുക്കാൻ ശ്രമിച്ച് യുവതി

> **Lead Summary:** ഗോരഖ്പൂർ: ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭർതൃമാതാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവതി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള മാൽമലിയ ജഗ്ദീഷ്പൂർ ഗ്രാമത്തിലാണ് സംഭവം. വന്ദന എന്ന യുവതിയാണ് ഭർതൃമാതാവായ ആശാ ദേവിയെ ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആശാ ദേവിയെ ഗോരഖ്പൂർ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ഗോരഖ്പൂർ: ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭർതൃമാതാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവതി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള മാൽമലിയ ജഗ്ദീഷ്പൂർ ഗ്രാമത്തിലാണ് സംഭവം. വന്ദന എന്ന യുവതിയാണ് ഭർതൃമാതാവായ ആശാ ദേവിയെ ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആശാ ദേവിയെ ഗോരഖ്പൂർ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വന്ദനയുടെ ഭർത്താവ് ജയ്ഹിന്ദ് മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്. സംഭവദിവസം രാത്രി വന്ദന ഫോണിലൂടെ ഒരു യുവാവിനോട് സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആശാ ദേവി ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. തർക്കം മൂത്തതോടെ വന്ദന വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഭർതൃമാതാവിനെ അക്രമിക്കുകയായിരുന്നു.

 ആശാ ദേവിയെ കത്തികൊണ്ട് കുത്തിയ വന്ദന, അവരുടെ കഴുത്തറുക്കാനും ശ്രമിച്ചു. നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് ചോരയിൽ കുളിച്ചുകിടന്ന ആശാ ദേവിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ആരോഗ്യനില നിലവിൽ മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ പോലീസ് വന്ദനയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369635/woman-arrested-for-stabbing-husbands-mother-in-law-over-phone-call-dispute)