---
title: "'അമ്മേ ഞാൻ ജീവിതത്തിൽ ലഹരി തൊടില്ല'; നെഞ്ചിൽ തൊട്ട് ശപഥം ചെയ്ത് അമ്മമാർക്ക് കത്തുകളയച്ച് മട്ടന്നൂരിലെ വിദ്യാര്‍ഥികള്‍"
english_title: "Students of Mattannur Government UP School promise their mother that they will not use drugs in their lives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369634/students-of-mattannur-government-up-school-promise-their-mother-that-they-will-not-use-drugs-in-their-lives"
published_at: "2026-07-01T09:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a449706c9169_mattannur.jpg"
keywords: ["Latest News", "Mattannur Government UP School", "Students Letters", "Drug Using"]
---

# 'അമ്മേ ഞാൻ ജീവിതത്തിൽ ലഹരി തൊടില്ല'; നെഞ്ചിൽ തൊട്ട് ശപഥം ചെയ്ത് അമ്മമാർക്ക് കത്തുകളയച്ച് മട്ടന്നൂരിലെ വിദ്യാര്‍ഥികള്‍

> **Lead Summary:** കണ്ണൂര്‍: ജീവിതത്തില്‍ ലഹരി ഉപയോഗിക്കില്ലെന്ന് അമ്മക്ക് വാക്ക് നല്‍കി വിദ്യാര്‍ഥികള്‍ കത്തുകള്‍ അയച്ചു. ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ഗവണ്മെന്റ് യുപി സ്‌കൂളിലാണ് വ്യത്യസ്തമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

## Article Content

കണ്ണൂര്‍: ജീവിതത്തില്‍ ലഹരി ഉപയോഗിക്കില്ലെന്ന് അമ്മക്ക് വാക്ക് നല്‍കി വിദ്യാര്‍ഥികള്‍ കത്തുകള്‍ അയച്ചു. ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ഗവണ്മെന്റ് യുപി സ്‌കൂളിലാണ് വ്യത്യസ്തമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

ലഹരിക്കെതിരെ പലവിധത്തില്‍ യുദ്ധമുഖത്താണ് നാട്. കണ്ണൂര്‍ മട്ടന്നൂര്‍ ഗവണ്മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഈ പോരാട്ടത്തിന്റെ ഭാഗമായത് റിയല്‍ ലൈഫ് പോരാളിക്ക് വാക്ക് നല്‍കുന്ന കത്തയച്ചാണ്.

വിദ്യാലയത്തിലെ ഓരോ കുട്ടിയും നെഞ്ചില്‍ തൊട്ട് ശപഥം ചെയ്ത് സ്വന്തം അമ്മയ്ക്ക് ഒരു കത്തെഴുതി. അമ്മയ്ക്ക് മക്കളുടെ വാക്ക് ഇങ്ങനെ. ജീവിതത്തില്‍ ഞാന്‍ ലഹരി ഉപയോഗിക്കില്ല. മറ്റുള്ളവരെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കില്ല.

അമ്മമാര്‍ക്ക് ഉറപ്പ് നല്‍കിയാല്‍ മക്കള്‍ അത് പാലിക്കുമെന്ന വിശ്വാസത്തിലാണ് ഇത്തരമൊരു ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത് എന്ന് അദ്ധ്യാപകര്‍ പറയുന്നു. ലഹരി വിരുദ്ധ റാലിയായി എത്തി മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിലെ പോസ്റ്റ് ബോക്‌സിലാണ് ഈ കത്തുകള്‍ നിക്ഷേപിച്ചത്.

മട്ടന്നൂര്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. നൗഫല്‍, ടി.പി. സുരേഷ്‌കുമാര്‍, വി.കെ. സജിത്ത് കുമാര്‍, പി. ജീന എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369634/students-of-mattannur-government-up-school-promise-their-mother-that-they-will-not-use-drugs-in-their-lives)