---
title: "തെരുവുനായ്ക്കൾ ‘ഔട്ട്’, കുട്ടികൾ ‘ഇൻ’;തെരുവുനായ ശല്യത്തെ തുടര്‍ന്ന് അടച്ച ചൂണ്ടൽ സ്കൂൾ രണ്ട് ദിവസത്തെ പൂട്ടലിന് ശേഷം നാളെ തുറക്കുന്നു"
english_title: "UP Govt. School, which was closed due to stray dog ​​harassment, will open tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369625/up-govt-school-which-was-closed-due-to-stray-dog-harassment-will-open-tomorrow"
published_at: "2026-07-01T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44930b5d16e_.jpg"
keywords: ["Latest news", "Choodal  UP Govt. School", "Stray dog", "School open"]
---

# തെരുവുനായ്ക്കൾ ‘ഔട്ട്’, കുട്ടികൾ ‘ഇൻ’;തെരുവുനായ ശല്യത്തെ തുടര്‍ന്ന് അടച്ച ചൂണ്ടൽ സ്കൂൾ രണ്ട് ദിവസത്തെ പൂട്ടലിന് ശേഷം നാളെ തുറക്കുന്നു

> **Lead Summary:** തൃശൂർ: തെരുവുനായ ശല്യത്തെ തുടർന്ന് രണ്ട് ദിവസമായി അടച്ചിട്ടിരുന്ന ചൂണ്ടൽ ഗവ. യുപി സ്കൂൾ നാളെ തുറക്കും. പിടിഎ എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെയും പരിസരത്തെയും ഭൂരിഭാഗം നായ്ക്കളെയും പിടികൂടിയ സാഹചര്യത്തിലാണ് തീരുമാനം.

## Article Content

തൃശൂർ: തെരുവുനായ ശല്യത്തെ തുടർന്ന് രണ്ട് ദിവസമായി അടച്ചിട്ടിരുന്ന ചൂണ്ടൽ ഗവ. യുപി സ്കൂൾ നാളെ തുറക്കും. പിടിഎ എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെയും പരിസരത്തെയും ഭൂരിഭാഗം നായ്ക്കളെയും പിടികൂടിയ സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം സ്കൂളിലേക്ക് വരികയായിരുന്ന ഒരു വിദ്യാർത്ഥിക്ക് നായയുടെ കടിയേറ്റിരുന്നു. പിന്നീട് ഈ നായയെ ചത്ത നിലയിൽ കണ്ടെത്തുകയും പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സ്കൂൾ പരിസരത്ത് തെരുവുനായ്ക്കളുടെ ഭീതി പടരുകയും, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വരാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതരും പ്രദേശവാസികളും നൽകിയ പരാതിയെ തുടർന്നാണ് നായ്ക്കളെ പിടികൂടാൻ നടപടിയാരംഭിച്ചത്.

മുഴുവൻ നായ്ക്കളെയും മാറ്റാതെ കുട്ടികളെ സ്കൂളിലേക്ക് വിടില്ലെന്ന നിലപാടിലായിരുന്നു രക്ഷിതാക്കൾ. ആദ്യ ദിവസങ്ങളിൽ നായ്ക്കളെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ സ്കൂളിന് അവധി നൽകേണ്ടി വന്നത്.

പഞ്ചായത്ത് ഇടപെടൽ: നിലവിൽ ഭൂരിഭാഗം നായ്ക്കളെയും പ്രദേശത്തുനിന്ന് മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഇപ്പോൾ വീണ്ടും തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369625/up-govt-school-which-was-closed-due-to-stray-dog-harassment-will-open-tomorrow)