---
title: "പാകിസ്താനിൽ ദുരന്തം: ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്"
english_title: "14 children die in Pakistan as roof of tuition center collapses; five injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369611/14-children-die-in-pakistan-as-roof-of-tuition-center-collapses-five-injured"
published_at: "2026-07-01T08:51:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44887009efe_CASE.jpg"
keywords: ["Lahore tuition center roof collapse accident", "Kahna Eidgah Basti Lahore", "Accident"]
---

# പാകിസ്താനിൽ ദുരന്തം: ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്

> **Lead Summary:** **ലാഹോര്‍: **പാകിസ്താനിലെ ലാഹോറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 14 സ്കൂൾ കുട്ടികൾക്ക് ദാരുണാന്ത്യം. കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ട്യൂഷൻ സെന്ററിലേക്ക് മേൽക്കൂര തകർന്നുവീണാണ് വൻ ദുരന്തമുണ്ടായത്. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു

## Article Content

**ലാഹോര്‍: **പാകിസ്താനിലെ ലാഹോറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 14 സ്കൂൾ കുട്ടികൾക്ക് ദാരുണാന്ത്യം. കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ട്യൂഷൻ സെന്ററിലേക്ക് മേൽക്കൂര തകർന്നുവീണാണ് വൻ ദുരന്തമുണ്ടായത്. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു

പരിക്കേറ്റവര്‍ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ലാഹോറിലെ കഹ്നയിലെ ഈദ്ഗാഹ് ബസ്തി പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഏഴിനും 13നും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു ക്ലാസിലുണ്ടായിരുന്നത്. 20 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു.

പരിക്കേറ്റവരിൽ ഒരു അധ്യാപികയും ഉൾപ്പെടുന്നതായി പൊലീസ് പറഞ്ഞു. 14 വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ച ലാഹോർ കമ്മീഷണർ മറിയം ഖാൻ, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പറഞ്ഞു. തകർന്ന സ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിലവിൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. ജനസാന്ദ്രതയുള്ള ഒരു ജനവാസ മേഖലയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്യുന്നത്.

ഇതുവരെ 14 മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തതായി ലാഹോറിലെ ഡിഐജി ഓപ്പറേഷൻസ് ഫൈസൽ കമ്രാൻ അറിയിച്ചു. നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ട്യൂഷൻ സെന്‍റര്‍ പ്രവർത്തിച്ചിരുന്നതെന്നും, അതിന്‍റെ ഒരു ഭാഗം ഇപ്പോഴും നിർമാണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. മേൽക്കൂര തകർന്നപ്പോൾ തൊഴിലാളികളും സ്ഥലത്ത് ജോലി ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369611/14-children-die-in-pakistan-as-roof-of-tuition-center-collapses-five-injured)