---
title: "മദ്യപാനിയുടെ ഉപദ്രവം സഹിക്കാനായില്ല; ഭർത്താവിനെ ഇലക്ട്രിക് വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ഭാര്യ; ഹൃദയാഘാതമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം"
english_title: "Woman kills husband in Maharashtra; tries to justify it as heart attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369608/woman-kills-husband-in-maharashtra-tries-to-justify-it-as-heart-attack"
published_at: "2026-07-01T08:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4486dbae41b_crime.jpg"
keywords: ["Maharashtra Beed district crime", "Ambajogai rural police station", "Woman kills alcoholic husband"]
---

# മദ്യപാനിയുടെ ഉപദ്രവം സഹിക്കാനായില്ല; ഭർത്താവിനെ ഇലക്ട്രിക് വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ഭാര്യ; ഹൃദയാഘാതമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം

> **Lead Summary:** **മുംബൈ: **മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മദ്യപാനിയായ ഭര്‍ത്താവിനെ കഴുത്തില്‍ ഇലക്ട്രിക്കല്‍ വയര്‍ മുറുക്കി കൊലപ്പെടുത്തി യുവതി. ഷരീഫ് പത്താനെന്നയാളാണ് മരിച്ചത്. ഇയാളുടെ ഭാര്യ നസ്രീന്‍ പത്താനെ പൊലീസ് അറസ്റ്റ് ചെയ്തു.. കൊലപാതകത്തിന് പിന്നാലെ ഷരീഫ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു നസ്രീന്റെ ശ്രമം.

## Article Content

**മുംബൈ: **മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മദ്യപാനിയായ ഭര്‍ത്താവിനെ കഴുത്തില്‍ ഇലക്ട്രിക്കല്‍ വയര്‍ മുറുക്കി കൊലപ്പെടുത്തി യുവതി. ഷരീഫ് പത്താനെന്നയാളാണ് മരിച്ചത്. ഇയാളുടെ ഭാര്യ നസ്രീന്‍ പത്താനെ പൊലീസ് അറസ്റ്റ് ചെയ്തു.. കൊലപാതകത്തിന് പിന്നാലെ ഷരീഫ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു നസ്രീന്റെ ശ്രമം.

മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന ഷരീഫിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് നസ്രീന്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് നസ്രീന്‍ വാദിച്ചെങ്കിലും പൊലീസ് ചോദ്യം ചെയ്യലില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ല. ഇതോടെ ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് ഷരീഫിന്റെ കഴുത്തില്‍ കുരുക്കിയാണ് കൊല നടത്തിയതെന്ന് നസ്രീന്‍ കുറ്റസമ്മതം നടത്തി.

എല്ലാ ദിവസവും മദ്യപിച്ച് വീട്ടിലെത്തുന്ന ഷരീഫ്, നസ്രീനെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. സംഭവ ദിവസവും കുടിച്ച് ബോധമില്ലാതെ വീട്ടിലെത്തിയ ഷരീഫ് നസ്രീനെ ഉപദ്രവിക്കാന്‍ തുടങ്ങി. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടിനുള്ളില്‍ വച്ച് കടുത്ത വാക്കേറ്റവുമുണ്ടായി. ഇതോടെ സമീപത്ത് കിടന്ന കറുത്ത നിറത്തിലുള്ള ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് ഫരീഫിന്റെ കഴുത്തില്‍ കുരുക്കുകയായിരുന്നുവെന്ന് നസ്രീന്‍ പൊലീസിന് മുന്നില്‍ സമ്മതിച്ചു.

മരണം സംഭവിച്ചതിന് പിന്നാലെ തെളിവുകളെല്ലാം നശിപ്പിച്ച നസ്രീന്‍ വീട്ടുകാരെയും ബന്ധുക്കളെയും സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിച്ചു. ഷരീഫിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായെന്നും പിന്നീട് അനക്കമില്ലായിരുന്നെന്നും ഇവര്‍ വീട്ടുകാരോട് പറഞ്ഞു. ഇത് വിശ്വസിച്ച വീട്ടുകാര്‍ ഷരീഫിനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സാധാരണ മരണമാണെന്ന് വരുത്തി തീര്‍ക്കാനുള്ള നസ്രീന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് പൊലീസ് വ്യക്തമാക്കി.

അമ്പാജോഗായ് റൂറല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ മുരളീധര്‍ ഘോല്‍ക്കേ മൃതശരീരം പരിശോധിച്ചതോടെയാണ് കൊലപാതകം പുറത്തായത്. ഷരീഫിന്റെ കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടും മുറിവുകളുമാണ് പൊലീസിന് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം കഴുത്തു ഞെരിച്ചതാണെന്ന് വ്യക്തമായി. ദമ്പതികളുടെ മകനായ സാഹില്‍ ഷരീഫ് പത്താന്റെ പരാതിയില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി. പിന്നാലെ ഇവരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369608/woman-kills-husband-in-maharashtra-tries-to-justify-it-as-heart-attack)