---
title: "യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ടു, എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ഏഴ് മരണം, 22 പേര്‍ക്ക് പരിക്ക്"
english_title: "rajasthan bus fire truck collision seven killed 22 injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369602/rajasthan-bus-fire-truck-collision-seven-killed-22-injured"
published_at: "2026-07-01T08:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a447dc7e7484_accident_fire.jpg"
keywords: ["Latest News", "Bus Accident", "Fire", "Death", "Rajasthan"]
---

# യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ടു, എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ഏഴ് മരണം, 22 പേര്‍ക്ക് പരിക്ക്

> **Lead Summary:** ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ ബസിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി-മുബൈ എക്‌സ്പ്രസ്‌വേയിലാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്.

## Article Content

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ ബസിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി-മുബൈ എക്‌സ്പ്രസ്‌വേയിലാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്.

ബസില്‍ തീ പടര്‍ന്നതോടെ അഞ്ച് പേര്‍ വെന്തുമരിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് രണ്ട് പേരുടെ മരണ കാരണമെന്നും പൊലീസ് അറിയിച്ചു. യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയും എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ആളിപ്പടരുകയുമായിരുന്നു.

ഇന്‍ഡോറില്‍ നിന്ന് ഹരിദ്വാറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ദൗസ എസ്പി പീയുഷ് ദീക്ഷീത് ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369602/rajasthan-bus-fire-truck-collision-seven-killed-22-injured)