---
title: "മദ്യനയ വിവാദങ്ങൾക്കിടെ നികുതിഘടന തീരുമാനിച്ചുള്ള ധനകാര്യബിൽ ഇന്ന് നിയമസഭ പാസാക്കും, 'കേരള' കേരളം ആക്കുന്നതും ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ"
english_title: "kerala assembly pass finance bill tax structure kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369597/kerala-assembly-pass-finance-bill-tax-structure-kerala"
published_at: "2026-07-01T07:09:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a3886f92fe52_udf_government.jpg"
keywords: ["Latest News", "Kerala Assembly", "Finance Bill", "Kerala Government"]
---

# മദ്യനയ വിവാദങ്ങൾക്കിടെ നികുതിഘടന തീരുമാനിച്ചുള്ള ധനകാര്യബിൽ ഇന്ന് നിയമസഭ പാസാക്കും, 'കേരള' കേരളം ആക്കുന്നതും ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ

> **Lead Summary:** തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന നിശ്ചയിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ധനകാര്യ ബിൽ ഇന്ന് സംസ്ഥാന നിയമസഭാ പാസാക്കും. എന്നാൽ, ബില്ല് പാസായാലും നികുതി ഉടൻ പ്രാബല്യത്തിൽ വരാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ പുതിയ നികുതി ഘടന നിലവിൽ വരൂ എന്ന പ്രത്യേക വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന നിശ്ചയിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ധനകാര്യ ബിൽ ഇന്ന് സംസ്ഥാന നിയമസഭാ പാസാക്കും. എന്നാൽ, ബില്ല് പാസായാലും നികുതി ഉടൻ പ്രാബല്യത്തിൽ വരാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ പുതിയ നികുതി ഘടന നിലവിൽ വരൂ എന്ന പ്രത്യേക വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുഡിഎഫ് മുന്നണിയിൽ വിശദമായ ചർച്ച നടത്തി മദ്യനയം അംഗീകരിച്ചതിനു ശേഷം മാത്രമേ നികുതി നടപ്പിലാക്കുകയുള്ളൂ എന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

അതേസമയം, ഈ വ്യവസ്ഥക്കെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ധനബില്ല് സഭ പാസാക്കുന്നതോടെ മദ്യനയത്തിന് പ്രസക്തിയില്ലാതാകുമെന്നും, ഇത് ബക്കാർഡി ഉൾപ്പെടെയുള്ള പ്രമുഖ മദ്യക്കമ്പനികൾക്ക് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാൻ നിയമപരമായ വഴിതുറക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മദ്യനികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇന്നും സഭയെ പ്രക്ഷുബ്ധമാക്കാൻ സാധ്യതയുണ്ട്.

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസും ഇന്ന് നിയമസഭ പരിഗണിക്കും. പേരുമാറ്റത്തിൽ ഈ മാസം 17നകം സംസ്ഥാനത്തിന്റെ അന്തിമ അഭിപ്രായം അറിയിക്കണമെന്ന് രാഷ്ട്രപതി നിർദേശിച്ചിട്ടുണ്ട്.

രണ്ടു വർഷം മുമ്പ് സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെത്തുടർന്നാണ് ഈ നടപടി. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ നിലവിൽ 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത് ഭേദഗതി ചെയ്യാൻ സംസ്ഥാനത്തിന്റെ കൂടി അഭിപ്രായം തേടേണ്ടതുണ്ട്. നിയമസഭയുടെ അംഗീകാരത്തിന് ശേഷം കേന്ദ്രസർക്കാരിന്റെ മറ്റ് ഔദ്യോഗിക നടപടികൾ കൂടി പൂർത്തിയായാൽ മാത്രമേ പേരുമാറ്റം എന്നാണ് നിലവിൽ വരികയെന്നതിൽ വ്യക്തതയുണ്ടാകൂ.

ഇവയ്ക്ക് പുറമെ, വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രത്യേക പ്രമേയം മുഖ്യമന്ത്രി വി.ഡി സതീശൻ സഭയിൽ അവതരിപ്പിക്കും.

സംസ്ഥാനത്തെ വൈദ്യുതി വിതരണ രംഗത്തെ പ്രതിസന്ധികളും പരിഹാരങ്ങളും സംബന്ധിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവനയും നടത്തും. കിഫ്ബി പുനഃസംഘടന ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിഷയങ്ങൾ ചോദ്യോത്തര വേളയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369597/kerala-assembly-pass-finance-bill-tax-structure-kerala)