---
title: "കഴുത്തിൽ കയർ മുറുക്കിയ നിലയിൽ, ഹോം സ്റ്റേയിൽ 26കാരി കൊല്ലപ്പെട്ട സംഭവം?  കോഴിക്കോട് സ്വദേശിയായ സുഹൃത്തിനെതിരെ ലവ് ജിഹാദ് ആരോപണവുമായി യുവതിയുടെ അമ്മ"
english_title: "26 year old physiotherapist found dead in homestay family raise love jihad allegation against malayali youth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369595/26-year-old-physiotherapist-found-dead-in-homestay-family-raise-love-jihad-allegation-against-malayali-youth"
published_at: "2026-07-01T06:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a446a4248df5_physiotherapist_found_dead.jpg"
keywords: ["Latest News", "Physiotherapist Found Dead", "Love Jihad Allegation", "Kozhikode Native", "Crime"]
---

# കഴുത്തിൽ കയർ മുറുക്കിയ നിലയിൽ, ഹോം സ്റ്റേയിൽ 26കാരി കൊല്ലപ്പെട്ട സംഭവം?  കോഴിക്കോട് സ്വദേശിയായ സുഹൃത്തിനെതിരെ ലവ് ജിഹാദ് ആരോപണവുമായി യുവതിയുടെ അമ്മ

> **Lead Summary:** ചിക്കബല്ലാപുര: ഹോംസ്റ്റേയിൽ 26കാരിയായ ഫിസിയോ തെറാപ്പിസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലവ് ജിഹാദ് ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ബെംഗളൂരുവിലെ ജയാനഗർ സ്വദേശിയായ സായ് സുരഭിയെയാണ് നന്ദി ഹിൽസിലെ ഹോംസ്റ്റേയിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

ചിക്കബല്ലാപുര: ഹോംസ്റ്റേയിൽ 26കാരിയായ ഫിസിയോ തെറാപ്പിസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലവ് ജിഹാദ് ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ബെംഗളൂരുവിലെ ജയാനഗർ സ്വദേശിയായ സായ് സുരഭിയെയാണ് നന്ദി ഹിൽസിലെ ഹോംസ്റ്റേയിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്ദെനഹള്ളിയിലെ ശ്രീ സത്യ സായി ആശുപത്രിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ 25കാരൻ സഞ്ജീത് അലി അബോധാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ലവി ജിഹാദ് ആരോപണവുമായി യുവതിയുടെ കുടുംബമെത്തിയിട്ടുള്ളത്.

മെക്കാനിക്കൽ എൻജിനീയറായ യുവാവ് ബെംഗളൂരുവിൽ ക്യാബും ഓടിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുരഭിയുടെ അമ്മ ഗീതയാണ് സംഭവത്തിന് പിന്നിൽ ലവ് ജിഹാദാണെന്ന ആരോപണം ഉയർത്തിയിട്ടുള്ളത്.

ഗീതയുടെ പരാതിയിൽ സഞ്ജീത് അലിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സഞ്ജീത് അലി ശനിയാഴ്ചയാണ് നന്ദി സ്കന്ദഗിരി ഹെറിറ്റേജ് ഹോംസ്റ്റേയിൽ ശനിയാഴ്ച ചെക്കിൻ ചെയ്തത്. എന്നാൽ യുവതി എപ്പോഴാണ് ഹോം സ്റ്റേയിൽ എത്തിയതെന്നാണ് ഹോം സ്റ്റേ ജീവനക്കാർക്ക് വ്യക്തതയില്ല.

തിങ്കളാഴ്ച രാവിലെ നിശ്ചിത സമയമായിട്ടും ഇവർ മുറി ഒഴിഞ്ഞുപോകാതിരുന്നതിനെത്തുടർന്ന് ജീവനക്കാർ വാതിലിൽ മുട്ടുകയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് എത്തി മുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് സുരഭിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ കഴുത്തിൽ കയർ മുറുക്കിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചോ തൂക്കിക്കൊലപ്പെടുത്തിയോ ആകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കട്ടിലിന് സമീപം അബോധാവസ്ഥയിൽ കിടന്നിരുന്ന സഞ്ജീത് അലിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിയിൽ നിന്ന് നിരവധി ഗുളികകളും ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അമിത അളവിൽ ഉറക്കഗുളികകൾ കഴിച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തിൽ മകൾ ക്രൂരമായ കൊലപാതകത്തിന് ഇരയായതാണെന്ന് സുരഭിയുടെ അമ്മ ഗീതയും കുടുംബവും ആരോപിച്ചു. കോളേജ് കാലം മുതൽക്കേ ഇരുവരും പരിചയത്തിലായിരുന്നുവെന്നും എന്നാൽ സഞ്ജീത് മകളെ നിരന്തരം പീഡിപ്പിക്കുകയും ലഹരിവസ്തുക്കൾക്ക് അടിമയാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി അമ്മ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.

ഇതിനെത്തുടർന്ന് സുരഭിയെ ലഹരിവിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. സുരഭി സഞ്ജീതിൽ നിന്ന് അകലാൻ തുടങ്ങിയതോടെ പ്രതികാരബുദ്ധിയോടെ ഇയാൾ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സുരഭി മുദ്ദേനഹള്ളിയിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ശനിയാഴ്ച ആശുപത്രിയിലെ സത്സംഗത്തിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് സുരഭി വീട്ടിൽ നിന്നിറങ്ങിയത്. അതുകൊണ്ടുതന്നെ ഇവർ ഹോംസ്റ്റേയിൽ പോയതിനെക്കുറിച്ച് കുടുംബത്തിന് അറിവുണ്ടായിരുന്നില്ല. \മുറിയിൽ നിന്ന് ലഭിച്ച ഡയറിയിലെ കൈയക്ഷരം പരിശോധിക്കാൻ വിദഗ്ധർക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലുള്ള സഞ്ജീത് അലി ബോധം വീണ്ടെടുത്ത് മൊഴി നൽകിയതിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും ചിക്ബെല്ലാപൂർ എസ്പി കുശാൽ ചൗക്സി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369595/26-year-old-physiotherapist-found-dead-in-homestay-family-raise-love-jihad-allegation-against-malayali-youth)