---
title: "സ്കൂൾ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി; പിന്നാലെ നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തി അനിൽകുമാറിന്റെ വിയോഗം"
english_title: "kuttiady school van driver death update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369569/kuttiady-school-van-driver-death-update"
published_at: "2026-06-30T20:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43dd4b9fb65_driver_death.jpg"
keywords: ["Latest News", "Anilkumar Death", "School Van Driver", "Kuttiady", "Kozhikode"]
---

# സ്കൂൾ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി; പിന്നാലെ നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തി അനിൽകുമാറിന്റെ വിയോഗം

> **Lead Summary:** കുറ്റ്യാടി (കോഴിക്കോട്) : കുറ്റ്യാടിയിൽ സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്കൂൾ വാൻ ഡ്രൈവർ മരിച്ചത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വേദന കൊണ്ട് പുളയുമ്പോഴും കുരുന്നു കുട്ടികളെ സുരക്ഷിതരാക്കിയ ശേഷമാണ് അനിൽകുമാർ യാത്രയായത്.

## Article Content

കുറ്റ്യാടി (കോഴിക്കോട്) : കുറ്റ്യാടിയിൽ സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്കൂൾ വാൻ ഡ്രൈവർ മരിച്ചത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വേദന കൊണ്ട് പുളയുമ്പോഴും കുരുന്നു കുട്ടികളെ സുരക്ഷിതരാക്കിയ ശേഷമാണ് അനിൽകുമാർ യാത്രയായത്.

നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തിയായിരുന്നു അനിൽകുമാറിന്റെ സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു.

തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിൽ സ്കൂളിൽനിന്ന് കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആശുപത്രിയിൽ മരിച്ചത്. അസ്വസ്ഥത തോന്നിയപ്പോൾ വാഹനം സുരക്ഷിതമായി റോഡരികിൽ നിർത്തി അനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു.

വേളം ഭാഗത്തേക്ക് പോകുന്നതിനിടയിൽ ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോഴാണ് അനിലിനു ദേഹാസ്വാസ്ഥ്യമുണ്ടായത്. വാഹനം റോഡരികിലേക്ക് ഒതുക്കി സുരക്ഷിതമായി നിർത്തി. അവിടെയുണ്ടായിരുന്ന നാട്ടുകാരെ കൊണ്ട് അനിൽ സ്വന്തം ഫോണിൽനിന്നു സ്കൂളിലേക്ക് വിളിപ്പിച്ചു.

സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവർ എത്തിയാണ്‌ കുട്ടികളെ വീടുകളിൽ എത്തിച്ചത്.

ദീർഘകാലമായി ഡ്രൈവറായിരുന്നു അനിൽകുമാർ. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: നിഷ (കെഎംസി ആശുപത്രി, കുറ്റ്യാടി). മകൾ: പാർവണ (കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥി). സഹോദരി: അനില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369569/kuttiady-school-van-driver-death-update)