---
title: "ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല"
english_title: "ramesh chennithala retracts snake venom drug claim"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369546/ramesh-chennithala-retracts-snake-venom-drug-claim"
published_at: "2026-06-30T17:19:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a06874a0f3d5_ramesh1.jpg"
keywords: ["Latest News", "Home Minister", "Ramesh Chennithala", "Snake Venom", "Drug Claim"]
---

# ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

> **Lead Summary:** തിരുവനന്തപുരം: ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡോ.ഷിംന അസീസ് ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടിയ തിരുത്ത് അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല സമൂഹമാധ്യമത്തില്‍ അറിയിച്ചു.

## Article Content

തിരുവനന്തപുരം: ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡോ.ഷിംന അസീസ് ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടിയ തിരുത്ത് അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല സമൂഹമാധ്യമത്തില്‍ അറിയിച്ചു.

വിഷപ്പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

രക്തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ലെന്നും ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയില്ലെന്നും ഡോ.ഷിംന ചൂണ്ടിക്കാട്ടിയിരുന്നു. മൂര്‍ഖനും വെള്ളിക്കെട്ടനും ഒക്കെയാണ് ലഹരിക്കാര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും അവയെക്കൊണ്ട് കൊത്തിച്ചാലും മരിച്ചു പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് തന്റെ പരാമര്‍ശം ചെന്നിത്തല തിരുത്തിയത്. തൂഫാന്‍ വാറിയറാകാന്‍ ഡോ. ഷിംന അസീസിനെ ഹൃദയപൂർവം ക്ഷണിക്കുന്നതായും ചെന്നിത്തല അറിയിച്ചു.

**രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക് കുറിപ്പ്:**

> ലഹരിക്ക് എതിരായ പോരാട്ടം വ്യക്തി ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ളതാണ്. മിക്കവാറും വേദികളിൽ ലഹരിക്ക് എതിരെ പ്രതികരിക്കാറുണ്ട്. പ്രസംഗത്തിലും അഭിമുഖങ്ങളിലുമെല്ലാം. ഇലക്‌ഷനു മുൻപ്, യുഡിഎഫിന് അധികാരം കിട്ടിയാൽ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്കു പാലിക്കുന്ന “തൂഫാൻ” ആരംഭിച്ചതിലും അഭിമാനമുണ്ട്.

അത്തരം ഒരു സംഭാഷണത്തിൽ വളരെ നാൾ മുൻപ് എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്.

വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു.

പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസ്സിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാർഥ വിവരങ്ങൾ അറിയിക്കാൻ ആരും മടിക്കരുത്.

വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. തൂഫാൻ - ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാറിയറാകാൻ ഡോ. ഷിംന അസീസിനെ ഹൃദയപൂർവം ക്ഷണിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369546/ramesh-chennithala-retracts-snake-venom-drug-claim)