---
title: "തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് വഴുതിവീണു; ഹരിയാനയിൽ നാല് വയസുകാരനെ രക്ഷിക്കാൻ വൻ രക്ഷാപ്രവർത്തനം"
english_title: "Haryana: Four-year-old falls into borewell, massive rescue operation underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369523/haryana-four-year-old-falls-into-borewell-massive-rescue-operation-underway"
published_at: "2026-06-30T16:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a439f62222a8_massive_rescue_operation_underway.jpg"
keywords: ["Latest News", "Haryana Borewell", "Rescue Operation", "Borewell Accident"]
---

# തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് വഴുതിവീണു; ഹരിയാനയിൽ നാല് വയസുകാരനെ രക്ഷിക്കാൻ വൻ രക്ഷാപ്രവർത്തനം

> **Lead Summary:** ചണ്ഡീ​ഗഡ്: ഹരിയാനയിലെ അംബാല ജില്ലയിൽ നാല് വയസുകാരൻ 220 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. ബരാരയ്ക്ക് സമീപം ധനൗര സ്വദേശിയായ നിർഭയ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. നാടിനെ നടുക്കിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്.

## Article Content

ചണ്ഡീ​ഗഡ്: ഹരിയാനയിലെ അംബാല ജില്ലയിൽ നാല് വയസുകാരൻ 220 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. ബരാരയ്ക്ക് സമീപം ധനൗര സ്വദേശിയായ നിർഭയ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. നാടിനെ നടുക്കിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ കുടുംബത്തോടൊപ്പം വയലിൽ പോയപ്പോഴാണ് നിർഭയ് അപകടത്തിൽപ്പെട്ടത്. നിർഭയയുടെ അച്ഛൻ മഞ്ജിത് കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന മുത്തച്ഛൻ കർണൈൽ സിങ്ങിന് പ്രഭാതഭക്ഷണം നൽകാൻ വയലിൽപോയതായിരുന്നു. ഈ സമയത്ത് സമീപത്ത് കുട്ടി കളിക്കുകയായിരുന്നു. തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് മണ്ണ് ഇടാൻ ശ്രമിക്കുന്നതിനിടെ നിർഭയ് വഴുതി വീഴുകയായിരുന്നു.

220 അടി താഴ്ചയുള്ള കുഴൽക്കിണറിന് വെറും ഒമ്പത് ഇഞ്ച് മാത്രമാണ് വീതിയുള്ളത്. ഈ ഇടുങ്ങിയ ഘടന രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രാവിലെ 6.30ഓടെയാണ് അപകടം നടന്നത്. നാട്ടുകാരുടെ പ്രാഥമിക ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് 7.30ഓടെ അധികൃതരെ വിവരമറിയിച്ചു.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ജില്ലാ ഭരണകൂടം എന്നിവർക്ക് പുറമെ രക്ഷാപ്രവർത്തനം ശക്തമാക്കാൻ സൈന്യത്തെയും സംഭവസ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369523/haryana-four-year-old-falls-into-borewell-massive-rescue-operation-underway)