---
title: "പഠിക്കാൻ മിടുക്കരുണ്ട്, ഇരിക്കാൻ സീറ്റില്ല! മലപ്പുറത്ത് മാത്രം 25,000 കുട്ടികൾ പുറത്ത്; മലബാറിൽ പ്ലസ് വൺ പ്രതിസന്ധി രൂക്ഷം"
english_title: "Plus One crisis intensifies in Malabar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369513/plus-one-crisis-intensifies-in-malabar"
published_at: "2026-06-30T15:56:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a30d41121d97_students.jpg"
keywords: ["Latest news", "Plus One seat crisis", "Allotment"]
---

# പഠിക്കാൻ മിടുക്കരുണ്ട്, ഇരിക്കാൻ സീറ്റില്ല! മലപ്പുറത്ത് മാത്രം 25,000 കുട്ടികൾ പുറത്ത്; മലബാറിൽ പ്ലസ് വൺ പ്രതിസന്ധി രൂക്ഷം

> **Lead Summary:** മലപ്പുറം: **[** മൂന്ന് പ്രധാന അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം ജില്ലയിൽ മാത്രം 25,084 വിദ്യാർത്ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുന്നത്. മൂന്നാം അലോട്ട്മെന്റിൽ ജില്ലയിൽ 18,987 കുട്ടികൾക്ക് പ്രവേശനം ലഭിച്ചെങ്കിലും ബാക്കി പതിനായിരങ്ങൾ ഇപ്പോഴും ആശങ്കയിലാണ്. ജില്ലയിൽ ഇനി സംവരണ വിഭാഗത്തിലെ വെറും 71 സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.

## Article Content

മലപ്പുറം: **[** മൂന്ന് പ്രധാന അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം ജില്ലയിൽ മാത്രം 25,084 വിദ്യാർത്ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുന്നത്. മൂന്നാം അലോട്ട്മെന്റിൽ ജില്ലയിൽ 18,987 കുട്ടികൾക്ക് പ്രവേശനം ലഭിച്ചെങ്കിലും ബാക്കി പതിനായിരങ്ങൾ ഇപ്പോഴും ആശങ്കയിലാണ്. ജില്ലയിൽ ഇനി സംവരണ വിഭാഗത്തിലെ വെറും 71 സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസർകോട് ജില്ലകളിലായി 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് തൽക്കാലം പ്രശ്നം പരിഹരിക്കാനാണ് സർക്കാർ നീക്കം. ഈ താൽക്കാലിക ബാച്ചുകളിലൂടെ മലബാറിലാകെ 6,000 കുട്ടികൾക്ക് മാത്രമാണ് സീറ്റ് ലഭിക്കുക. വർഷങ്ങളായുള്ള 'സ്ഥിരം ബാച്ചുകൾ' വേണമെന്ന ആവശ്യത്തിന് ഇത്തവണയും പരിഹാരമായിട്ടില്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വൺ സീറ്റുകളുടെ ഗണ്യമായ കുറവുണ്ട്. നിലവിലെ കണക്കനുസരിച്ച് മലബാറിൽ ആകെ 53,164 സീറ്റുകളുടെ കുറവാണുള്ളത്. പുതിയ സർക്കാരിന് വിദ്യാഭ്യാസ മേഖലയിൽ നേരിടേണ്ടി വരുന്ന ആദ്യത്തെ വലിയ വെല്ലുവിളിയാണിത്.

പ്രതിസന്ധി ലഘൂകരിക്കാൻ മുൻവർഷങ്ങളിലെ 352 താൽക്കാലിക ബാച്ചുകൾ (ഇതിൽ 314 ബാച്ചുകളും മലബാറിലാണ്) നിലനിർത്താൻ ധാരണയായിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

സാധാരണയായി 45 കുട്ടികൾ ഇരിക്കേണ്ട ക്ലാസുകളിൽ നിലവിൽ 60 കുട്ടികളെ വരെ ഇരുത്തിയാണ് മലബാറിൽ ക്ലാസുകൾ നടക്കുന്നത്. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും സ്കൂളുകളിലെ സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ തവണ സീറ്റ് കിട്ടാത്ത പല കുട്ടികൾക്കും ഒടുവിൽ ഓപ്പൺ സ്കൂളുകളെയോ, വൻ തുക നൽകി അൺഎയ്ഡഡ് സ്കൂളുകളെയോ ആശ്രയിക്കേണ്ടി വന്നിരുന്നു.

മലബാർ മേഖല സീറ്റില്ലാതെ വലയുമ്പോൾ തെക്കൻ കേരളത്തിൽ സ്ഥിതി നേരെ തിരിിച്ചാണ്. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ തവണ മാത്രം ഏഴായിരത്തോളം പ്ലസ് വൺ സീറ്റുകളാണ് കുട്ടികളില്ലാതെ ഒഴിഞ്ഞുകിടന്നത്. തെക്കൻ കേരളത്തിലെ ഈ അധിക സീറ്റുകൾ മലബാറിലേക്ക് പുനഃക്രമീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369513/plus-one-crisis-intensifies-in-malabar)