---
title: "റീൽസ് ഭ്രാന്ത്; ഡൽഹിയിൽ അതിവേഗ ഓട്ടോയിൽ തൂങ്ങിയാടി യുവാവിന്റെ അഭ്യാസപ്രകടനം, സൈക്കിൾ യാത്രികനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയി"
english_title: "Auto stunt, Social media reels accident, Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369452/auto-stunt-social-media-reels-accident-Delhi"
published_at: "2026-06-30T13:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43778f0383e_Auto_stunt,_Social_media_reels_accident,_Delhi.jpg"
keywords: ["Latest News", "Road Accident", "Viral Video", "Reels Stunt", "Delhi"]
---

# റീൽസ് ഭ്രാന്ത്; ഡൽഹിയിൽ അതിവേഗ ഓട്ടോയിൽ തൂങ്ങിയാടി യുവാവിന്റെ അഭ്യാസപ്രകടനം, സൈക്കിൾ യാത്രികനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയി

> **Lead Summary:** ഡൽഹി: തിരക്കേറിയ റോഡിൽ അതിവേഗത്തിൽ പായുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തൂങ്ങിയാടി നിന്ന യുവാവ് സൈക്കിൾ യാത്രികനെ ഇടിച്ചുവീഴ്ത്തി. റോഡിലൂടെ സമാധാനപരമായി യാത്ര ചെയ്യുകയായിരുന്ന സൈക്കിൾ യാത്രികനാണ് യുവാവിന്റെ അപകടകരമായ അഭ്യാസപ്രകടനത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

## Article Content

ഡൽഹി: തിരക്കേറിയ റോഡിൽ അതിവേഗത്തിൽ പായുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തൂങ്ങിയാടി നിന്ന യുവാവ് സൈക്കിൾ യാത്രികനെ ഇടിച്ചുവീഴ്ത്തി. റോഡിലൂടെ സമാധാനപരമായി യാത്ര ചെയ്യുകയായിരുന്ന സൈക്കിൾ യാത്രികനാണ് യുവാവിന്റെ അപകടകരമായ അഭ്യാസപ്രകടനത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഓട്ടോറിക്ഷയ്ക്ക് പുറകിൽ വന്ന ബൈക്കിന്റെ ഡാഷ് ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പൂർണ്ണമായി പതിഞ്ഞത്. ഓട്ടോയുടെ വശത്തു കൂടെ റോഡിലേക്ക് ശരീരം മുഴുവൻ പുറത്തേക്കിട്ട് തൂങ്ങിനിൽക്കുകയായിരുന്നു യുവാവ്. വൻ വേഗതയിലായിരുന്ന ഓട്ടോറിക്ഷ സൈക്കിളിന് തൊട്ടരികിലൂടെ കടന്നുപോയപ്പോൾ, തൂങ്ങിനിന്ന യുവാവിന്റെ ശരീരം സൈക്കിൾ യാത്രികനിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈക്കിൾ യാത്രികൻ റോഡിലേക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അമിതവേഗതയിൽ പോകുന്ന ഓട്ടോയിൽ നിന്ന് ഒരാൾ പാതി ശരീരം പുറത്തേക്കിട്ട് നൃത്തം ചെയ്യുകയും മറ്റൊരാൾ അത് വീഡിയോ പകർത്തുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടയിലാണ് റോഡരികിലൂടെ പോവുകയായിരുന്ന വയോധികനായ സൈക്കിൾ യാത്രികനെ ഇയാൾ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ വയോധികനും സൈക്കിളും റോഡിലേക്ക് തെറിച്ചുവീണു. അപകടം സംഭവിച്ചിട്ടും ഓട്ടോറിക്ഷ ഡ്രൈവറോ യുവാവോ വയോധികനെ സഹായിക്കാതെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. മറ്റുള്ള യാത്രികരുടെ ജീവന് വിലവെയ്ക്കാതെ നടത്തുന്ന ഇത്തരം റീൽസ് ചിത്രീകരണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഓട്ടോറിക്ഷയിൽ സാഹസിക യാത്ര നടത്തിയ യുവാവിനെതിരെയും ഓട്ടോ ഡ്രൈവർക്കെതിരെയും കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369452/auto-stunt-social-media-reels-accident-Delhi)