---
title: "നാഫ്ത മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ചോർച്ചയും വൻ സ്ഫോടനവും; ബംഗാളിൽ 20 പേർക്ക് ഗുരുതര പരിക്ക്"
english_title: "Haldia Petrochemicals Fire, Naphtha Pipeline Blast, West Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369417/Haldia-Petrochemicals-fire-Naphtha-pipeline-blast-West-Bengal-"
published_at: "2026-06-30T11:46:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43634a15e9a_Haldia_Petrochemicals_fire,_Naphtha_pipeline_blast,_West_Bengal.jpg"
keywords: ["Latest News", "Haldia Petrochemicals Fire", "Naphtha Pipeline Blast", "West Bengal"]
---

# നാഫ്ത മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ചോർച്ചയും വൻ സ്ഫോടനവും; ബംഗാളിൽ 20 പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ റിഫൈനറിയായ ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡിൽ വൻ തീപ്പിടിത്തം. റിഫൈനറിയിലെ നാഫ്ത പൈപ്പ്‌ലൈനിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് പൈപ്പ്‌ലൈനിന് തീപ്പിടിച്ചതും അത് അതിവേഗം പടർന്നതുമെന്നാണ് പ്രാഥമിക വിവരങ്ങൾ.

## Article Content

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ റിഫൈനറിയായ ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡിൽ വൻ തീപ്പിടിത്തം. റിഫൈനറിയിലെ നാഫ്ത പൈപ്പ്‌ലൈനിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് പൈപ്പ്‌ലൈനിന് തീപ്പിടിച്ചതും അത് അതിവേഗം പടർന്നതുമെന്നാണ് പ്രാഥമിക വിവരങ്ങൾ.

അപകടത്തിൽ 20 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ ഹാൽദിയ സബ് ഡിവിഷണൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പ്ലാന്റിന് സമീപത്തുള്ള പൈപ്പ്‌ലൈനിൽനിന്ന് അനധികൃതമായി നാഫ്ത മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ചോർച്ചയുണ്ടായി തീപ്പിടിത്തമുണ്ടായെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. എങ്കിലും അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതരുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.

അതിജ്വലന ശേഷിയുള്ള ഇന്ധനമാണ് നാഫ്ത. ക്രൂഡ് ഓയിലിൽനിന്ന് വേർതിരിച്ചെടുക്കുന്ന നാഫ്തയുടെ വലിയൊരു പങ്ക് പെട്രോളാക്കി മാറ്റുമെങ്കിലും ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം പ്ലാസ്റ്റിക്, രാസവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിലാണ്. വളരെ വേഗത്തിൽ കത്തുന്നതും വായുവിൽ പടരുന്നതുമായ ഹൈഡ്രോകാർബൺ ദ്രാവകമായതിനാൽത്തന്നെ ചെറിയൊരു തീപ്പൊരി ഉണ്ടായാൽ പോലും ഇത് വൻ സ്‌ഫോടനത്തിലേക്ക് നയിക്കാം.

ബംഗാളിലെ പ്രമുഖ വ്യവസായ കേന്ദ്രമായ ഹാൽദിയയിലാണ് ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡ് (എച്ച്പിഎൽ) സ്ഥിതിചെയ്യുന്നത്. കൊൽക്കത്തയിൽനിന്ന് ഏകദേശം 125 കിലോമീറ്റർ അകലെയാണിത്. നാഫ്ത പോലുള്ള പെട്രോളിയം ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയായതിനാൽ ഇതിലേക്ക് അനധികൃതമായി പ്രവേശിക്കുകയോ മോഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് കമ്പനി പ്രദേശവാസികൾക്ക് എപ്പോഴും മുന്നറിയിപ്പ് നൽകാറുള്ളതാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369417/Haldia-Petrochemicals-fire-Naphtha-pipeline-blast-West-Bengal-)