---
title: "എന്തൊരു കഷ്ടം! 200 വർഷം പഴക്കമുള്ള കോഴിക്കോട് ജില്ലാ കോടതിയിൽ ചോർച്ച; മേൽക്കൂരയിൽ ടാർപ്പായ കെട്ടി പ്രവർത്തനം"
english_title: "Leak in Kozhikode District Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369367/leak-in-kozhikode-district-court"
published_at: "2026-06-30T09:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43402fcf8ba_2.jpg"
keywords: ["Latest News", "Kozhikode", "Kozhikode District Court", "Leak"]
---

# എന്തൊരു കഷ്ടം! 200 വർഷം പഴക്കമുള്ള കോഴിക്കോട് ജില്ലാ കോടതിയിൽ ചോർച്ച; മേൽക്കൂരയിൽ ടാർപ്പായ കെട്ടി പ്രവർത്തനം

> **Lead Summary:** **കോഴിക്കോട്: [ **ചരിത്രവും നീതിന്യായവും ഒത്തുചേരുന്ന കോഴിക്കോട് ജില്ലാ കോടതി മന്ദിരം ഇന്ന് ഗുരുതരമായ പ്രതിസന്ധിയിൽ. ബ്രിട്ടീഷ് ഭരണകാലത്ത് ഡാൻസ് ഹാൾ ആയിരുന്ന, ഏകദേശം 200 വർഷം പഴക്കമുള്ള ഈ പൈതൃക കെട്ടിടം ഇപ്പോൾ ചോർന്നൊലിച്ച് നശിക്കുകയാണ്. മഴക്കാലം എത്തിയതോടെ കോടതിയുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്.

## Article Content

**കോഴിക്കോട്: [ **ചരിത്രവും നീതിന്യായവും ഒത്തുചേരുന്ന കോഴിക്കോട് ജില്ലാ കോടതി മന്ദിരം ഇന്ന് ഗുരുതരമായ പ്രതിസന്ധിയിൽ. ബ്രിട്ടീഷ് ഭരണകാലത്ത് ഡാൻസ് ഹാൾ ആയിരുന്ന, ഏകദേശം 200 വർഷം പഴക്കമുള്ള ഈ പൈതൃക കെട്ടിടം ഇപ്പോൾ ചോർന്നൊലിച്ച് നശിക്കുകയാണ്. മഴക്കാലം എത്തിയതോടെ കോടതിയുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, പ്രധാനപ്പെട്ട കേസ് റെക്കോഡുകൾ സൂക്ഷിക്കുന്ന മുറി എന്നിവയാണ് നിലവിൽ ടാർപ്പായ കെട്ടി സംരക്ഷിക്കുന്നത്. കോടതിമുറികളിലെ ബെഞ്ചുകളിൽ വരെ മഴവെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. അഭിഭാഷകരും കോടതി അധികൃതരും പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല.

ഏറ്റവും വലിയ ആശങ്ക പൈതൃകപ്രാധാന്യമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കേസ് ഫയലുകളെക്കുറിച്ചാണ്. റെക്കോഡ് റൂമായി ഉപയോഗിക്കുന്ന കെട്ടിടത്തിലെ ചോർച്ച ഇത്തരം സുപ്രധാന രേഖകളെ നശിപ്പിക്കാൻ കാരണമാകുന്നു. മഴ കനത്താൽ കോടതി നടപടികൾ തടസ്സപ്പെടുന്നതും ഫയലുകൾ സുരക്ഷിതമായി മാറ്റാൻ സ്ഥലമില്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു.

പൈതൃക മന്ദിരമായതിനാൽ പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാതെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ രണ്ട് കോടി രൂപയുടെ ടെൻഡർ നടപടികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയെങ്കിലും, പണി ആരംഭിക്കാൻ സാധിച്ചിട്ടില്ല.

കോടതി പ്രവർത്തനം തടസ്സപ്പെടാതെ കെട്ടിടത്തിന്റെ ഓടുമാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ല എന്നതാണ് പ്രധാന തടസ്സം. പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിനായുള്ള നിയമനടപടികൾ ഹൈക്കോടതിയിൽ നടക്കുന്നുണ്ടെങ്കിലും, അടിയന്തര അറ്റകുറ്റപ്പണികൾക്കായി കോടതി പ്രവർത്തിക്കുന്ന ഓഫീസ് താൽക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ട്.

ഇതിനായുള്ള സ്ഥലം കണ്ടെത്താൻ കഴിയാത്തത് പി.ഡബ്ല്യു.ഡി.യെയും പ്രതിസന്ധിയിലാക്കുന്നു. നീതി തേടിയെത്തുന്നവരും ഉദ്യോഗസ്ഥരും ഒരുപോലെ ദുരിതമനുഭവിക്കുന്ന ഈ അവസ്ഥയ്ക്ക് വേഗത്തിൽ പരിഹാരം കാണേണ്ടത് അനിവാര്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369367/leak-in-kozhikode-district-court)