---
title: "സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; അണക്കെട്ടുകളിൽ വെള്ളമില്ല, ഉപഭോഗം കുതിക്കുന്നു "
english_title: "Electricity control will continue in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369360/electricity-control-will-continue-in-the-state"
published_at: "2026-06-30T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a433eaaef660_1.jpg"
keywords: ["Latest News", "Thiruvanandapuram", "Electricity Control", "Kseb"]
---

# സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; അണക്കെട്ടുകളിൽ വെള്ളമില്ല, ഉപഭോഗം കുതിക്കുന്നു 

> **Lead Summary:** **തിരുവനന്തപുരം: [** സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ (സെപ്റ്റംബർ ഒഴികെ) അധിക വൈദ്യുതി വാങ്ങാനാണ് കമ്മീഷൻ അനുമതി നൽകിയത്. മഴ കുറഞ്ഞതും വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്.

## Article Content

**തിരുവനന്തപുരം: [** സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ (സെപ്റ്റംബർ ഒഴികെ) അധിക വൈദ്യുതി വാങ്ങാനാണ് കമ്മീഷൻ അനുമതി നൽകിയത്. മഴ കുറഞ്ഞതും വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കെഎസ്ഇബിക്കെതിരെ രൂക്ഷവിമർശനമാണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. ആവശ്യപ്പെട്ടിട്ടും വിവിധ സ്രോതസ്സുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ കെഎസ്ഇബി തയ്യാറായില്ലെന്ന് ഉത്തരവിൽ കുറ്റപ്പെടുത്തുന്നു.

കൂടാതെ, സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്ന വിവരം കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഫുട്ബോൾ ലോകകപ്പ് പ്രമാണിച്ച് രാത്രികാലങ്ങളിലെ വൈദ്യുതി ഉപയോഗം കൂടിയതും പ്രതിസന്ധി രൂക്ഷമാക്കി.

കാലവർഷം ചതിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമാം വിധം കുറഞ്ഞു. നിലവിൽ 20.89 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളിൽ അവശേഷിക്കുന്നത്. മുൻവർഷം ഇതേസമയം 58.58 ശതമാനം വെള്ളം ഉണ്ടായിരുന്ന സ്ഥാനത്താണിത്. മൺസൂൺ ശക്തിപ്പെട്ടാൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രദ്ധിക്കണമെന്നും കമ്മീഷൻ ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369360/electricity-control-will-continue-in-the-state)