---
title: "തോൽവിക്ക് റഫറിയെയോ വാറിനെയോ പഴിക്കേണ്ട, കുറ്റം ടീമിന്റെ മോശം പ്രകടനം; ജർമൻ പുറത്താകലിൽ നിലപാട് വ്യക്തമാക്കി നായകൻ കിമ്മിച്ച്"
english_title: "world cup2026  It's our fault; Captain Kimmich clarifies his stance on Germany's exit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369356/world-cup2026-its-our-fault-captain-kimmich-clarifies-his-stance-on-germanys-exit-"
published_at: "2026-06-30T08:57:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43381f27be6_sports.jpg"
keywords: ["Germany vs Paraguay World Cup VAR controversy", "World Cup VAR controversy", "Jonathan Tah disallowed goal", "world cup2026"]
---

# തോൽവിക്ക് റഫറിയെയോ വാറിനെയോ പഴിക്കേണ്ട, കുറ്റം ടീമിന്റെ മോശം പ്രകടനം; ജർമൻ പുറത്താകലിൽ നിലപാട് വ്യക്തമാക്കി നായകൻ കിമ്മിച്ച്

> **Lead Summary:** **ന്യൂയോര്‍ക്ക്: **ലോകകപ്പിൽ പരാഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് മുൻ ചാമ്പ്യന്മാരായ ജർമനി പുറത്തായതിൽ റഫറിയെയോ വിവാദമായ 'വാർ' തീരുമാനത്തെയോ കുറ്റപ്പെടുത്താനില്ലെന്ന് നായകൻ ജോഷ്വ കിമ്മിച്ച്. അധികസമയത്ത് ജർമൻ പ്രതിരോധ താരം ജൊനാഥൻ ടാഹ് നേടിയ ഹെഡ്ഡർ ഗോൾ റഫറി നിഷേധിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

## Article Content

**ന്യൂയോര്‍ക്ക്: **ലോകകപ്പിൽ പരാഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് മുൻ ചാമ്പ്യന്മാരായ ജർമനി പുറത്തായതിൽ റഫറിയെയോ വിവാദമായ 'വാർ' തീരുമാനത്തെയോ കുറ്റപ്പെടുത്താനില്ലെന്ന് നായകൻ ജോഷ്വ കിമ്മിച്ച്. അധികസമയത്ത് ജർമൻ പ്രതിരോധ താരം ജൊനാഥൻ ടാഹ് നേടിയ ഹെഡ്ഡർ ഗോൾ റഫറി നിഷേധിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ, വിവാദങ്ങൾക്ക് പിന്നാലെ പോകാതെ ടീമിന്റെ മോശം പ്രകടനമാണ് തോൽവിക്ക് കാരണമെന്ന് മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കിമ്മിച്ച് തുറന്നുപറഞ്ഞു. ഇന്നത്തെ തോൽവിക്ക് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർഭാഗ്യത്തെയോ കുറ്റം പറയാൻ ആരും മുതിരേണ്ടതില്ല. 120 മിനിറ്റ് കളിച്ചിട്ടും ഒരു ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ ടൂർണമെന്‍റിൽ നിന്ന് പുറത്താകാൻ പൂർണ്ണമായും അർഹരാണ്.

പരാഗ്വയെപ്പോലൊരു എതിരാളിക്കെതിരെ വിജയിക്കാൻ നമ്മൾ ഭാഗ്യത്തെ ആശ്രയിക്കേണ്ടി വരരുത്. അവരെ വ്യക്തമായി തോൽപ്പിക്കാനുള്ള ക്വാളിറ്റി നമ്മുടെ ടീം കാണിക്കണമായിരുന്നു- കിമ്മിച്ച് തുറന്നടിച്ചു.

പരിശീലകൻ ജൂലിയൻ നാഗെൽസ്മാന്‍റെ രാജിയിലേക്ക് ഈ ഫലം നയിക്കുമോ എന്ന ചോദ്യത്തിന്, കളിക്കളത്തിൽ ഇറങ്ങുന്ന താരങ്ങളാണ് ഇത്തരം തോൽവികൾക്ക് ഉത്തരവാദികളെന്നും പരാഗ്വയെ തോൽപ്പിക്കാനുള്ള ബാധ്യത കളിക്കാർക്ക് ഉണ്ടായിരുന്നു എന്നും കിമ്മിച്ച് കൂട്ടിച്ചേർത്തു.

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പുറത്താകലിനേക്കാൾ വലിയ ആഘാതമാണ് ക്യാപ്റ്റൻ എന്ന നിലയിൽ ഈ പരാജയം കിമ്മിച്ചിന് നൽകിയിരിക്കുന്നത്. ജർമനിയുടെ ഈ തകർച്ച 'അസഹനീയം' ആണെന്നാണ് ബയേൺ മ്യൂണിക്ക് താരം വിശേഷിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369356/world-cup2026-its-our-fault-captain-kimmich-clarifies-his-stance-on-germanys-exit-)