---
title: "വീട്ടിലുണ്ടായ വഴക്കിനിടെ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്, അന്വേഷണം തുടങ്ങി"
english_title: "police say a mystery surrounding the death of the head of the household who collapsed during a fight at home "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369331/police-say-a-mystery-surrounding-the-death-of-the-head-of-the-household-who-collapsed-during-a-fight-at-home"
published_at: "2026-06-30T06:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a430f0a017ca_cherthala_death.jpg"
keywords: ["Latest News", "Death Case", "Mystery Surrounding", "Police", "Cherthala"]
---

# വീട്ടിലുണ്ടായ വഴക്കിനിടെ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്, അന്വേഷണം തുടങ്ങി

> **Lead Summary:** ചേർത്തല: വീട്ടിലുണ്ടായ വഴക്കിനിടെ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. ചേർത്തല നഗരസഭ 23-ാം വാർഡ് കരുവയിൽ വെളിയിൽ വൈസ്രോയി കുട്ടൻ എന്നറിയപ്പെടുന്ന ജയരാജൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

## Article Content

ചേർത്തല: വീട്ടിലുണ്ടായ വഴക്കിനിടെ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. ചേർത്തല നഗരസഭ 23-ാം വാർഡ് കരുവയിൽ വെളിയിൽ വൈസ്രോയി കുട്ടൻ എന്നറിയപ്പെടുന്ന ജയരാജൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

ഇൻക്വസ്റ്റ് നടപടികളിൽ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെത്തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട ജയരാജനെ ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് എത്തിയാണ് ഇദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളും മർദനമേറ്റ പാടുകളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

പ്രാഥമികമായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ വഴക്കുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ.

ഭാര്യ ശ്രീകല, ഇരട്ടമക്കളായ യദുകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവർക്കൊപ്പമായിരുന്നു ജയരാജൻ താമസിച്ചിരുന്നത്. സംഭവം നടന്ന് ഏറെക്കഴിഞ്ഞ് കുടുംബവീടിന് അകലെ താമസിക്കുന്ന മൂത്ത മകൻ എത്തിയ ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നത് ദുരൂഹമാണെന്ന് പോലീസ് വ്യക്തമാക്കി. പച്ചക്കറിക്കടയിലെ തൊഴിലാളിയായ ജയരാജൻ മക്കളുടെ സ്വഭാവദൂഷ്യത്തെ ചോദ്യം ചെയ്യുന്നതും ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്കുണ്ടാകുന്നതും പതിവാണെന്ന് പ്രദേശവാസികളും പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369331/police-say-a-mystery-surrounding-the-death-of-the-head-of-the-household-who-collapsed-during-a-fight-at-home)