---
title: "എല്ലുകളൊടിഞ്ഞ് കരളിൽ കുത്തിക്കയറി, സന്ദീപിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; പ്രതികൾ‌ യുവതിയുടെ അച്ഛനും സുഹൃത്തും"
english_title: "Sandeep's death in Pathanamthitta Chittar found to be murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369297/sandeeps-death-in-pathanamthitta-chittar-found-to-be-murder"
published_at: "2026-06-29T19:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4279082cba5_sandeep_murder.jpg"
keywords: ["Latest News", "Sundeep Deathh", "Crime", "Police Case", "Pathanamthitta Murder"]
---

# എല്ലുകളൊടിഞ്ഞ് കരളിൽ കുത്തിക്കയറി, സന്ദീപിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; പ്രതികൾ‌ യുവതിയുടെ അച്ഛനും സുഹൃത്തും

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി, സുഹൃത്ത് ഗോപി എന്നിവരാണ് പ്രതികൾ. വിവാഹിതയായ യുവതിയുമായി സന്ദീപിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം. മരണം മർദ്ദനമേറ്റെന്ന് പോസ്റ്റുമോട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

## Article Content

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി, സുഹൃത്ത് ഗോപി എന്നിവരാണ് പ്രതികൾ. വിവാഹിതയായ യുവതിയുമായി സന്ദീപിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം. മരണം മർദ്ദനമേറ്റെന്ന് പോസ്റ്റുമോട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സന്ദീപിനെ വീടിന് സമീപം അവശ നിലയിൽ കണ്ടെത്തിയത്. സംശയിക്കുന്ന മൂന്നു പേരെ രാവിലെ പിടികൂടിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലിലാണ് പൊലീസ് കൊലപാതകമെന്ന് നിഗമനത്തിലേക്ക് എത്തുന്നത്.

ഇന്നലെ രാത്രി തന്നെ ചെങ്ങറ ഭാഗത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടിയിരുന്നു. സന്ദീപിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയുടെ അച്ഛനെയും സുഹൃത്തുക്കളെയുമാണ് പിടികൂടിയത്.

ചോദ്യം ചെയ്യലിൽ ഇവരിൽ രണ്ട് പേര്‍ക്കാണ് കൊലപാതകത്തിൽ പങ്കെന്ന് ബോധ്യപ്പെട്ടിരുന്നു. യുവതിയുടെ അച്ഛനും അച്ഛന്‍റെ അടുത്ത സുഹൃത്തുമാണ് ഇയാളെ മര്‍ദിച്ചത്. സന്ദീപിന്‍റെ ദേഹമാസകലം ഇടിയേറ്റതിന്‍റെ മുറിവുകളും ചതവുകളുമുണ്ടായിരുന്നു.

ആന്തരിക പരിക്കുകളാണ് മരണകാരണമായത്. ഇടുപ്പെല്ലിന്‍റെ ഭാഗത്തെ എല്ലുകളൊടിഞ്ഞ് കരളിൽ കുത്തിക്കയറിയിരുന്നു. തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിൽ ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു.

പ്രതികളെ പിടികൂടുന്ന സമയത്ത് ഇവരുടെ കൈവശം തോക്കടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതിനാൽ ആംസ് ആക്റ്റ് പ്രകാരമാണ് ആദ്യം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഇതിന് പുറമേ ഇവരെ ഇപ്പോള്‍ കൊലപാതക കുറ്റത്തിൽ കൂടി പ്രതികളാക്കും.

അസ്വാഭാവിക മരണത്തിൽ എടുത്ത എഫ്ഐആറിൽ മാറ്റം വരുത്താനാണ് ചിറ്റാര്‍ പൊലീസിന്‍റെ തീരുമാനം. ഇന്നലെ രാത്രിയാണ് 35കാരനായ സന്ദീപിനെ വീടിനോട് ചേര്‍ന്ന് അവശനിലയി കണ്ടെത്തിയതും പെട്ടെന്ന് മരണം സംഭവിക്കുകയും ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369297/sandeeps-death-in-pathanamthitta-chittar-found-to-be-murder)