---
title: "2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്: ക്രിക്കറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; ആറ് ടീമുകൾ വീതം മാറ്റുരയ്ക്കും"
english_title: "2028 Los Angeles Olympics cricket, Olympics cricket qualification criteria"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369289/2028-los-angeles-olympics-cricket-olympics-cricket-qualification-criteria"
published_at: "2026-06-29T18:02:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42669aa35d0_2028_Los_Angeles_Olympics_cricket.jpg"
keywords: ["Latest News", "2028 Los Angeles Olympics Cricket", "Olympics Cricket Qualification Criteria"]
---

# 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്: ക്രിക്കറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; ആറ് ടീമുകൾ വീതം മാറ്റുരയ്ക്കും

> **Lead Summary:** ദുബായ്: 2028-ൽ നടക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിന്റെ ചരിത്രപരമായ തിരിച്ചുവരവിനായുള്ള ഔദ്യോഗിക യോഗ്യതാ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും , അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും സംയുക്തമായി പ്രഖ്യാപിച്ചു.

## Article Content

ദുബായ്: 2028-ൽ നടക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിന്റെ ചരിത്രപരമായ തിരിച്ചുവരവിനായുള്ള ഔദ്യോഗിക യോഗ്യതാ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും , അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും സംയുക്തമായി പ്രഖ്യാപിച്ചു.

ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലെ പുരുഷ, വനിതാ വിഭാഗങ്ങളിലെ ട്വന്റി-20 (T20) മത്സരങ്ങളിൽ ആറ് വീതം ടീമുകളായിരിക്കും മാറ്റുരയ്ക്കുക. വരാനിരിക്കുന്ന ഐസിസി ടി20 റാങ്കിംഗിന്റെയും പ്രത്യേക യോഗ്യതാ മത്സരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ടീമുകളെ തിരഞ്ഞെടുക്കുക എന്നാണ് സൂചന.

ഇതിൽ അഞ്ച് സ്ഥാനങ്ങൾ നിലവിലെ ഐസിസി ടൂർണ്ണമെന്റുകളുടെയും ട്വന്റി 20 റാങ്കിംഗിന്റെയും അടിസ്ഥാനത്തിലും, ആറാമത്തെയും അവസാനത്തെയും സ്ഥാനം 2027-ൽ ആദ്യമായി നടക്കുന്ന 'ഐസിസി ഒളിമ്പിക്സ് ക്വാളിഫയറിലൂടെയും നിശ്ചയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ നടക്കുന്ന ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ നിന്ന് തന്നെ ആദ്യ യോഗ്യതാ ടീമുകളെ തീരുമാനിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ യഥാക്രമം ഓഷ്യാന, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മികച്ച ടീമുകളെന്ന നിലയിൽ ഒളിമ്പിക്സിലേക്ക് യോഗ്യത ഉറപ്പിച്ചു.

ആതിഥേയരായ യുഎസ്എയ്ക്ക് ഓട്ടോമാറ്റിക് യോഗ്യത ലഭിക്കാൻ 2026-ലെ ട്വന്റി 20 റാങ്കിംഗിൽ ആദ്യ 15 സ്ഥാനങ്ങളിൽ ഇടംപിടിക്കേണ്ടതുണ്ട്.

വെസ്റ്റ് ഇൻഡീസിന്റെ കാര്യത്തിൽ പ്രത്യേക നടപടിക്രമങ്ങളുണ്ട്. ഔദ്യോഗികമായി ഒളിമ്പിക് കമ്മിറ്റി അംഗീകാരമില്ലാത്തതിനാൽ, അവർക്ക് നേരിട്ട് പ്രവേശനം ലഭിക്കില്ല.

എങ്കിലും നിശ്ചിത റാങ്കിംഗ് മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, കരീബിയൻ മേഖലയെ പ്രതിനിധീകരിക്കുന്ന എൻഒസിയെ തിരഞ്ഞെടുക്കാൻ ഒരു പ്രത്യേക ക്വാളിഫയർ ടൂർണ്ണമെന്റ് സംഘടിപ്പിക്കും.

2027-ലെ ഐസിസി ഒളിമ്പിക്സ് ക്വാളിഫയറിൽ എട്ട് ടീമുകൾ വീതം മത്സരിക്കും, ഇതിലെ വിജയികൾക്ക് ഒളിമ്പിക്സിലേക്കുള്ള അവസാന ബർത്ത് ലഭിക്കും.

ആകെ 28 മത്സരങ്ങളാണ് 2028 ൽ നടക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നടക്കുക. യോഗ്യത നേടുന്ന ഓരോ രാജ്യത്തിനും 15 അംഗ സ്ക്വാഡിനെ തിരഞ്ഞെടുക്കാം. ടീമുകളെ മൂന്ന് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തും.

ഗ്രൂപ്പ് ഘട്ടത്തിന് ശേഷം പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ സ്വർണ്ണ മെഡലിനായും, മൂന്നും നാലും സ്ഥാനക്കാർ വെങ്കല മെഡലിനായും മത്സരിക്കും. പോമോണയിൽ നിർമ്മിക്കുന്ന അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും ഈ ചരിത്ര പോരാട്ടങ്ങൾ അരങ്ങേറുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369289/2028-los-angeles-olympics-cricket-olympics-cricket-qualification-criteria)