---
title: "ചാനലിന് വിലക്ക്...! മുഹർറം പരിപാടിയിലെ ദൃശ്യങ്ങൾ മതവികാരം വ്രണപ്പെടുത്തി; ജിയോ ന്യൂസ് ചാനലിനെതിരെ നടപടിയുമായി പാക് മാധ്യമ അതോറിറ്റി"
english_title: "Geo News television channel banned in Pakistan for programmes that hurt religious sentiments"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369278/geo-news-television-channel-banned-in-pakistan-for-programmes-that-hurt-religious-sentiments"
published_at: "2026-06-29T17:23:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a426034a974e_banned.jpg"
keywords: ["Latest News", "Geo News", "Television Channel Banned", "Pakistan"]
---

# ചാനലിന് വിലക്ക്...! മുഹർറം പരിപാടിയിലെ ദൃശ്യങ്ങൾ മതവികാരം വ്രണപ്പെടുത്തി; ജിയോ ന്യൂസ് ചാനലിനെതിരെ നടപടിയുമായി പാക് മാധ്യമ അതോറിറ്റി

> **Lead Summary:** **ഇസ്‍ലാമാബാദ്: **പാകിസതാനിൽ ജിയോ ന്യൂസ് ടെലിവിഷന്‍ ചാനലിന് 15 ദിവസത്തെ വിലക്കേർപ്പെടുത്തി പാകിസ്താന്‍ മാധ‍്യമനിയന്ത്രണ അതോറിറ്റി. മുഹർറം മാസത്തിൽ സംപ്രേഷണം ചെയ്ത പരിപാടികളിലെ ഉള്ളടക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

## Article Content

**ഇസ്‍ലാമാബാദ്: **പാകിസതാനിൽ ജിയോ ന്യൂസ് ടെലിവിഷന്‍ ചാനലിന് 15 ദിവസത്തെ വിലക്കേർപ്പെടുത്തി പാകിസ്താന്‍ മാധ‍്യമനിയന്ത്രണ അതോറിറ്റി. മുഹർറം മാസത്തിൽ സംപ്രേഷണം ചെയ്ത പരിപാടികളിലെ ഉള്ളടക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

ജൂൺ 26ന് സംപ്രേഷണം ചെയ്ത പരിപാടിയിൽ മതവികാരം വ്രണപ്പെടുത്തുന്നതും, മതസൗഹാർദം തകർക്കുന്നതും, ക്രമസമാധാന നിലയെ ബാധിക്കാവുന്നതുമായ ദൃശ്യാവിഷ്കാരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

എന്നാൽ പരിപാടി അബദ്ധവശാൽ സംപ്രേഷണം ചെയ്തതാണന്നും ചാനലിന്റെ എഡിറ്റോറിയൽ നിലപാട് അതല്ലെന്നും വ്യക്തമാക്കി ജിയോ ന്യൂസ് ഞായറാഴ്ച രംഗത്തെത്തിയിരുന്നു.

തങ്ങൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ ഇറാഖിലും പശ്ചിമേഷ‍്യയിലും ചിലർ നടത്തുന്ന ആചാരങ്ങളുടെ ഭാഗമായുള്ളതാണെന്നും അത് മതപരമായ കാഴ്ചപ്പാടിനെ പിന്തുണക്കുന്നതിനല്ല മറിച്ച് പ്രാദേശിക ആചാരങ്ങൾ കാണിക്കുന്നതിന് വേണ്ടി മാത്രമാണെന്നുമാണ് ജിയോ ന്യൂസിന്റെ വിശദീകരണം.

തങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ആ ദൃശ്യങ്ങൾ നീക്കം ചെയ്തതായും ചാനൽ അറിയിച്ചു. എഡിറ്റോറിയൽ നിലപാടുകളിൽ ജാഗ്രത പാലിക്കുന്നതിൽ ചാനൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ അതോറിറ്റി ആഭ്യന്തര അന്വേഷണം നടത്താൻ നിർദേശം നൽകി. വിഷയം അതോറിറ്റിയുടെ പരാതി പരിഹാര സമിതിക്ക് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369278/geo-news-television-channel-banned-in-pakistan-for-programmes-that-hurt-religious-sentiments)