---
title: "കേസ് 'അപൂർവങ്ങളിൽ അപൂർവം'; പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തൂക്കുകയർ"
english_title: "Pune assault case verdict, Three-year-old girl brutally murdered, POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369220/pune-assault-case-verdict-three-year-old-girl-brutally-murdered-pocso-case"
published_at: "2026-06-29T14:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e29eaaa0f2_COURT_.jpg"
keywords: ["Latest News", "Pune Assault Case Verdict", "POCSO Case", "Brutally Murdered"]
---

# കേസ് 'അപൂർവങ്ങളിൽ അപൂർവം'; പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തൂക്കുകയർ

> **Lead Summary:** പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65-കാരനായ പ്രതിക്ക് വധശിക്ഷ. കേസ് 'അപൂർവങ്ങളിൽ അപൂർവമാണ്' എന്ന് വിശേഷിപ്പിച്ചാണ് പുണെയിലെ പ്രത്യേക അതിവേഗ കോടതി പ്രതി ഭീംറാവു കാംബ്ലെയ്ക്ക് വധശിക്ഷ വിധിച്ചത്. സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിലാണ് കേസിൽ അതിവേഗം വിധി വന്നിരിക്കുന്നത്.

## Article Content

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65-കാരനായ പ്രതിക്ക് വധശിക്ഷ. കേസ് 'അപൂർവങ്ങളിൽ അപൂർവമാണ്' എന്ന് വിശേഷിപ്പിച്ചാണ് പുണെയിലെ പ്രത്യേക അതിവേഗ കോടതി പ്രതി ഭീംറാവു കാംബ്ലെയ്ക്ക് വധശിക്ഷ വിധിച്ചത്. സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിലാണ് കേസിൽ അതിവേഗം വിധി വന്നിരിക്കുന്നത്.

വിധി കേൾക്കാനായി രാവിലെ തന്നെ കോടതിയിൽ ഇരയുടെ ബന്ധുക്കളും അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ വൻജനാവലി തടിച്ചുകൂടിയിരുന്നു. കർശനമായ പൊലീസ് സുരക്ഷയിലായിരുന്നു ഭീംറാവു കാംബ്ലെയെ കോടതിയിൽ ഹാജരാക്കിയത്. വധശിക്ഷാ വിധി വന്നതോടെ ഇരയുടെ മാതാപിതാക്കളും ബന്ധുക്കളും കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രത്യേക ജഡ്ജി എസ്.ആർ. സാളുങ്കെ പ്രതിക്ക് വധശിക്ഷ വിധിച്ചത്.

ജമ്മു-കശ്മീരിലെ കഠുവയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും നടന്ന പീഡനക്കേസുകൾ വിധിന്യായത്തിൽ കോടതി പരാമർശിച്ചു. അത്തരം സംഭവങ്ങളുണ്ടാക്കിയ പൊതുജനരോഷം പോലെ തന്നെ അതീവ ഗൗരവത്തോടെയാണ് ഈ കേസിലെ ക്രൂരതയെയും കോടതി കാണുന്നത്. പ്രതിയുടെ പ്രവൃത്തി മനുഷ്യത്വരഹിതവും അങ്ങേയറ്റം ക്രൂരവുമാണെന്നും, ഇത് നീതിന്യായ വ്യവസ്ഥയെ മാത്രമല്ല, പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെത്തന്നെയാണ് ഞെട്ടിച്ചതെന്നും കോടതി നിരീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369220/pune-assault-case-verdict-three-year-old-girl-brutally-murdered-pocso-case)