---
title: "ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 13 വയസ്സുകാരി ഉൾപ്പെടെ നാല് പലസ്തീനികൾ കൊല്ലപ്പെട്ടു"
english_title: "Gaza, Israeli Attack, Four Palestinians Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369181/gaza-israeli-attack-four-palestinians-killed"
published_at: "2026-06-29T12:15:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4214babf2ec_Gaza,_Israeli_Attack,_Four_Palestinians_Killed.jpg"
keywords: ["Latest News", "Gaza", "Israeli Attack", "Four Palestinians Killed"]
---

# ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 13 വയസ്സുകാരി ഉൾപ്പെടെ നാല് പലസ്തീനികൾ കൊല്ലപ്പെട്ടു

> **Lead Summary:** ഗാസ സിറ്റി : ഞായറാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 13 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ നാല് പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിൽ ഒരു കൂട്ടം ആളുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം നടന്നതെന്ന് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി. ഇതിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

## Article Content

ഗാസ സിറ്റി : ഞായറാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 13 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ നാല് പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിൽ ഒരു കൂട്ടം ആളുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം നടന്നതെന്ന് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി. ഇതിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

തെക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി നാസർ ആശുപത്രിയിലെ ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൂടാതെ, തെക്കൻ ഗാസയിലുണ്ടായ ഇസ്രയേലി ഷെല്ലാക്രമണത്തിൽ ചീളുകൾ തറച്ച് ഗുരുതരമായി പരിക്കേറ്റിരുന്ന എലീൻ അൽ-ഫറ എന്ന 13 വയസുകാരിയും നാസർ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

ആക്രമണത്തിൽ ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച ഗാസയിലുടനീളം കനത്ത ടാങ്ക് ഷെല്ലാക്രമണം നടന്നതായും ക്വാഡ്‌കോപ്റ്ററുകൾ പലതവണ ​ഗാസയ്ക്ക് മുകളിലൂടെ പറന്നതായും പ്രദേശവാസികൾ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതിനുശേഷം ഗാസയിൽ ​ഗുരുതരമായ പ്രശ്നങ്ങളില്ലെന്നാണ് ഇസ്രയേൽ വാദിക്കുന്നതെങ്കിലും മിക്ക ദിവസങ്ങളിലും ​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹമാസിനെയും മറ്റ് തീവ്രവാദികളെയും ലക്ഷ്യമിടുന്നതാണ് വെടിനിർത്തൽ ലംഘനങ്ങൾക്കുള്ള ന്യായമായി ഇസ്രയേൽ ചൂണ്ടിക്കാട്ടുന്നത്.

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഗാസയിൽ ഇസ്രയേൽ 1,040-ലധികം പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടതിൽ ഭൂരിഭാ​ഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബർ 7 നാണ് യുദ്ധം ആരംഭിച്ചത്. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 73,050-ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369181/gaza-israeli-attack-four-palestinians-killed)