---
title: "കോഴിക്കോട് പാളയത്ത് പെൺമക്കളുടെ മുന്നിലിട്ട് പിതാവിനെ തല്ലി സ്വകര്യ ബസ് ജീവനക്കാർ; അതിക്രമം ലഗേജ് കയറ്റുന്നതിടെ, കേസെടുത്ത് പൊലീസ്  "
english_title: "Private bus staff assault father and daughters in Kozhikode Palayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369170/private-bus-staff-assault-father-and-daughters-in-kozhikode-palayam"
published_at: "2026-06-29T11:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a420b5a0eec0_attack.jpg"
keywords: ["Latest News", "Private Bus Staff Attack", "Beaten", "Kozhikode", "Police Case"]
---

# കോഴിക്കോട് പാളയത്ത് പെൺമക്കളുടെ മുന്നിലിട്ട് പിതാവിനെ തല്ലി സ്വകര്യ ബസ് ജീവനക്കാർ; അതിക്രമം ലഗേജ് കയറ്റുന്നതിടെ, കേസെടുത്ത് പൊലീസ്  

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് പാളയത്ത് പിതാവും പെൺമക്കൾക്കും നേരെ സ്വകാര്യബസ് ജീവനക്കാരുടെ മർദ്ദനം.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് പാളയത്ത് പിതാവും പെൺമക്കൾക്കും നേരെ സ്വകാര്യബസ് ജീവനക്കാരുടെ മർദ്ദനം.

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് നൈറ്റ് സർവീസ് ബസിൽ റിസർവേഷനെടുത്ത് പോകാൻ പിതാവിനൊപ്പം എത്തിയ പെൺകുട്ടിക്കും സഹോദരിക്കും നേരെ ബസ് ജീവനക്കാരുടെ മർദ്ദനമുണ്ടായത്. ആക്രമത്തിൽ പരുക്കേറ്റ പിതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 9.50 ന് പാളയം ചിന്താവളപ്പ് സ്വകാര്യ നൈറ്റ് സർവീസ് ബസ് സ്റ്റാൻഡിലാണ് സംഭവം. മകളെ യാത്രയയക്കാൻ എത്തിയ കൂടത്തായി സ്വദേശി സത്യപാലൻ (67) നെ മർദ്ദിച്ച ബസ് ജീവനക്കാരെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.

ബാഗും അനുബന്ധ സാധനങ്ങളും കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 'ഇന്റർസിറ്റി' ബസ് ബുക്കിങ് കേന്ദ്രത്തിലെ ജീവനക്കാരാണ് ആക്രമിച്ചത്.

പിതാവിനെ മക്കളുടെ മുന്നിൽ വച്ച് അടിച്ചു റോഡിലിട്ടു. പെൺകുട്ടികളോട് അസഭ്യം പറഞ്ഞു. ഇതു കണ്ട് സമീപത്തെ മറ്റു ബസ് ബുക്കിങ് സെന്ററുകളിലെ ജീവനക്കാരും ബസ് ഡ്രൈവർമാരും എത്തുകയായിരുന്നു .

പരിക്കേറ്റ് ചോർവാർന്ന സത്യപാലനെ എഴുന്നേൽപ്പിച്ചെങ്കിലും വീണ്ടും ജീവനക്കാർ മർദ്ദിച്ചു. ഇതേ തുടർന്നാണ് സ്ഥലത്തു എത്തിയ നാട്ടുകാർ ജീവനക്കാരെ പൊതിരെ തല്ലിയത്. തുടർന്ന് കസബ പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുത്തു.

നിലവിൽ നേരത്തെയും ഈ ബസ് സർവീസ് ബുക്ക് ചെയ്ത യാത്രക്കാരെ മർദ്ദിച്ച സംഭവം ഉണ്ടായതായി സമീപത്തെ മറ്റു ബസ് ഓപ്പറേറ്റേഴ്സിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചതോടെ സ്ഥലത്തെ സംഘർഷം ഒഴിവായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369170/private-bus-staff-assault-father-and-daughters-in-kozhikode-palayam)