---
title: "ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം; ടോൾ പണം നൽകാതിരിക്കാൻ ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു"
english_title: "Assault at Olavanna toll plaza, employee hit by car, driver booked for attempt to murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369135/assault-at-olavanna-toll-plaza-employee-hit-by-car-driver-booked-for-attempt-to-murder"
published_at: "2026-06-29T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41f695e62ba_OLAVENNA.jpg"
keywords: ["Latest News", "Olavanna Toll Plaza", "Murder Attempt", "Kozhikode", "Police Case"]
---

# ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം; ടോൾ പണം നൽകാതിരിക്കാൻ ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

> **Lead Summary:** **കോഴിക്കോട് : **ഒളവണ്ണയിൽ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച കാർ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

## Article Content

**കോഴിക്കോട് : **ഒളവണ്ണയിൽ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച കാർ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കണ്ണാടിക്കൽ വേങ്ങേരി സ്വദേശി ഫഹീം മുഹമ്മദി(22)നെതിരെ ടോൾ പ്ലാസ ജീവനക്കാരനായ ഇരിങ്ങല്ലൂർ മമ്മിളിതടത്തിൽ മേത്തൽ ജിതേഷി(32)ന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ പിടികൂടാനായില്ല.

സംഭവത്തിനിടയാക്കിയ 11 BZ 1376 നമ്പറിലുള്ള വെളുത്തനിറത്തിലുള്ള കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ടോൾ പ്ലാസയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബൂത്തിൽനിന്ന്‌ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് ജീവനക്കാരനായ ജിതേഷിനെ ഫഹീം മുഹമ്മദ്‌ ഓടിച്ച കാറിടിച്ചത്.

ബോണറ്റിലേക്ക് തെറിച്ചുവീണ ജിതേഷിനെയുംകൊണ്ട് കാർ 50 മീറ്ററോളം മുന്നോട്ടുപോയി. ജിതേഷ്‌ വലതുവശത്തേക്ക് നിരങ്ങി നീങ്ങി ചാടി രക്ഷപ്പെടുകയായിരുന്നു.

മറ്റു ജീവനക്കാരും അടുത്തുള്ളവരും ഓടിയെത്തി കാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കാർ യാത്രികരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീഴ്‌ചയിൽ പരിക്കേറ്റ ജിതേഷ് ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369135/assault-at-olavanna-toll-plaza-employee-hit-by-car-driver-booked-for-attempt-to-murder)