---
title: "വടക്കഞ്ചേരി മേൽപ്പാലത്തിൽ ഡിവൈഡർ കാറ്റിൽപറന്ന് കാറിലിടിച്ചു; അധ്യാപികയ്ക്കും കുട്ടികൾക്കും പരിക്ക്"
english_title: "Vadakkancherry road accident, temporary divider blown away by wind and hit car, injury"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369129/vadakkancherry-road-accident-temporary-divider-blown-away-by-wind-and-hit-car-injury"
published_at: "2026-06-29T09:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41efcc09b34_thrissur.jpg"
keywords: ["Latest News", "Car Accident", "Vadakkanchery", "Thrissur"]
---

# വടക്കഞ്ചേരി മേൽപ്പാലത്തിൽ ഡിവൈഡർ കാറ്റിൽപറന്ന് കാറിലിടിച്ചു; അധ്യാപികയ്ക്കും കുട്ടികൾക്കും പരിക്ക്

> **Lead Summary:** **തൃശൂർ: ** വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ ഗതാഗത ക്രമീകരണത്തിനായി സ്ഥാപിച്ച താത്കാലിക ഡിവൈഡർ കാറ്റിൽ പറന്ന് കാറിലിടിച്ചു.

## Article Content

**തൃശൂർ: ** വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ ഗതാഗത ക്രമീകരണത്തിനായി സ്ഥാപിച്ച താത്കാലിക ഡിവൈഡർ കാറ്റിൽ പറന്ന് കാറിലിടിച്ചു.

ഡിവൈഡർ പറന്നുവരുന്നത് കണ്ട് കാർ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ വരികയായിരുന്ന പിക്കപ്പ് വാൻ കാറിനു പിന്നിലിടിച്ചു. കാറിലുണ്ടായിരുന്ന സ്‌കേറ്റിങ് താരങ്ങളായ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു.

ദേശീയ താരമായ അനയ അനീഷ് (15), അമിയ (12) എന്നിവർക്കാണ് പരിക്കേറ്റത്. കാറോടിച്ച അമിയയുടെ അമ്മ മഹാരാജാസ് കോളേജിലെ മലയാളം വിഭാഗം മേധാവി കൂടിയായ ഡോ. സുമി ജോയി ഓലിയപ്പുറം, മറ്റൊരു സ്‌കേറ്റിങ് താരവും അനയയുടെ അമ്മയുമാണ് കാറിലുണ്ടായിരുന്നത്.

ഇവർ മൂന്നുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

തിരുപ്പൂരിൽ സ്‌കേറ്റിങ് പരിശീലനം കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. സുമി ജോയിയാണ് കാറോടിച്ചിരുന്നത്. കാറ്റിൽ ഡിവൈഡർ പറന്നുവരുന്നത് കണ്ട് ഭയന്ന് കാർ പെട്ടെന്ന് നിർത്തിയെങ്കിലും ഡിവൈഡർ കാറിനു മുകളിൽ വീഴുകയായിരുന്നെന്ന് സുമി ജോയി പറഞ്ഞു.

ഡിവൈഡർ അപകടത്തിനിടയാക്കിയത് ചൂണ്ടിക്കാട്ടി സുമി ജോയി ദേശീയപാതാ അതോറിറ്റിക്കെതിരേ വടക്കഞ്ചേരി പോലീസിൽ പരാതി നൽകി. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369129/vadakkancherry-road-accident-temporary-divider-blown-away-by-wind-and-hit-car-injury)