---
title: "ഹരിയാനയില്‍ മരിക്കുന്നതിന് മുൻപ് ഭാര്യക്കും കുടുംബത്തിനുമെതിരെ വീഡിയോ പങ്കുവെച്ചു, സ്വന്തം വസ്ത്രശാലയില്‍ വ്യവസായി തൂങ്ങിമരിച്ചു"
english_title: "A businessman hanged himself in his garment shop in Faridabad, Haryana."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369108/a-businessman-hanged-himself-in-his-garment-shop-in-faridabad-haryana"
published_at: "2026-06-29T08:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c457071839_haning.jpg"
keywords: ["Businessman", "HaryanaSuicidecase", "Hanged"]
---

# ഹരിയാനയില്‍ മരിക്കുന്നതിന് മുൻപ് ഭാര്യക്കും കുടുംബത്തിനുമെതിരെ വീഡിയോ പങ്കുവെച്ചു, സ്വന്തം വസ്ത്രശാലയില്‍ വ്യവസായി തൂങ്ങിമരിച്ചു

> **Lead Summary:** **ഫരീദാബാദ്: **ഹരിയാനയിലെ ഫരീദാബാദില്‍ സ്വന്തം വസ്ത്രശാലയില്‍ വ്യവസായി തൂങ്ങിമരിച്ചു. രാഹുലാണ് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുൻപ് ഭാര്യയും കുടുംബവും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിക്കുന്ന ഒരു വീഡിയോ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**ഫരീദാബാദ്: **ഹരിയാനയിലെ ഫരീദാബാദില്‍ സ്വന്തം വസ്ത്രശാലയില്‍ വ്യവസായി തൂങ്ങിമരിച്ചു. രാഹുലാണ് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുൻപ് ഭാര്യയും കുടുംബവും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിക്കുന്ന ഒരു വീഡിയോ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാര്യ ജ്യോതി, ഭാര്യാമാതാവ് വീണ, ഭാര്യാപിതാവ് ബിട്ടു, ഭാര്യാസഹോദരി നീതു എന്നിവര്‍ തന്നെ മാനസികമായി ഉപദ്രവിച്ചുവെന്നാണ് വീഡിയോയില്‍ രാഹുല്‍ ആരോപിക്കുന്നത്. തൂക്കുകയും പാത്രം കഴുകുകയുമടക്കം വീട്ടിലെ എല്ലാ ജോലികളും ചെയ്തിട്ടും തന്നെ ഉപദ്രവിക്കുകയും തനിക്കെതിരെ വ്യാജ കേസ് നല്‍കുകയും ചെയ്തുവെന്ന് വീഡിയോയില്‍ രാഹുല്‍ ആരോപിച്ചു മാനസിക സമ്മര്‍ദത്തിലാണ് ഓരോ ദിവസവും അവര്‍ക്കൊപ്പം ജീവിച്ചതെന്നും യുവാവ് പറയുന്നു.

തന്റെ മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും കുടുംബവുമാണെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യുവാവ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. തന്റെ മരണത്തിന് ശേഷം എല്ലാ സ്വത്തുക്കളും അമ്മയ്ക്കും സഹോദരിക്കും സഹോദരന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. നാല് മാസം മുമ്പാണ് രാഹുല്‍ വസ്ത്രശാല തുറന്നത്. ഞായറാഴ്ച രാവിലെ വീട്ടില്‍ ചെന്ന് അമ്മയെ കണ്ട ശേഷം കടയിലെത്തിയാണ് രാഹുല്‍ ജീവനൊടുക്കിയത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് വര്‍ഷം മുമ്പാണ് ജ്യോതിയും രാഹുലും പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിയാന്‍ രാഹുലിനെ ജ്യോതി അനുവദിച്ചില്ല. ഇതോടെയാണ് രാഹുല്‍ മാറി താമസിക്കാന്‍ തീരുമാനിച്ചത്. രാഹുലിന്റെ ബന്ധുവായ അമിതും യുവാവ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369108/a-businessman-hanged-himself-in-his-garment-shop-in-faridabad-haryana)