---
title: "മനുഷ്യജീവന് പുല്ലുവില? കാണാതായ യുവാവിനായി തിരച്ചിൽ നടക്കുമ്പോൾ തൊട്ടടുത്ത് റാഫ്റ്റിംഗ് ഉദ്ഘാടനം, പ്രതിഷേധം"
english_title: "Rafting inauguration near the site as search continues for missing youth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369022/rafting-inauguration-near-the-site-as-search-continues-for-missing-youth"
published_at: "2026-06-28T14:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40e6eb46c82_KAYAKING.jpg"
keywords: ["Search", "Iruvazhinippuzha", "Missing youth", "Kozhikode kayaking festival controversy", "Protest", "Iruvazhinippuzha rafting inauguration"]
---

# മനുഷ്യജീവന് പുല്ലുവില? കാണാതായ യുവാവിനായി തിരച്ചിൽ നടക്കുമ്പോൾ തൊട്ടടുത്ത് റാഫ്റ്റിംഗ് ഉദ്ഘാടനം, പ്രതിഷേധം

> **Lead Summary:** **കോഴിക്കോട്: **ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടയിൽ സമീപത്ത് തന്നെ കയാക്കിംഗ് മേളയുടെ ഭാഗമായുള്ള റാഫ്റ്റിംഗ് ഉദ്ഘാടനം സംഘടിപ്പിച്ചത് വൻ പ്രതിഷേധത്തിന് വഴിവെച്ചു.

## Article Content

**കോഴിക്കോട്: **ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടയിൽ സമീപത്ത് തന്നെ കയാക്കിംഗ് മേളയുടെ ഭാഗമായുള്ള റാഫ്റ്റിംഗ് ഉദ്ഘാടനം സംഘടിപ്പിച്ചത് വൻ പ്രതിഷേധത്തിന് വഴിവെച്ചു.

യുവാവിനെ കണ്ടെത്താൻ നാട്ടുകാരും രക്ഷാപ്രവർത്തകരും പുഴയിൽ തിരച്ചിൽ നടത്തുമ്പോൾ, ഏതാനും മീറ്ററുകൾ മാത്രം അകലെ ആഘോഷപൂർവ്വം ഉദ്ഘാടനച്ചടങ്ങ് നടത്തിയതാണ് പ്രകോപനത്തിന് കാരണമായത്.

ഇരുവഴിഞ്ഞി പുഴയില്‍ നടക്കാനിരിക്കുന്ന 12ാം അന്താരാഷ്ട്ര കയാക്കിംഗ് മേളയുടെ ഭാഗമായുള്ള റാഫ്റ്റിംഗ് ഉദ്ഘാടനം സംഘടിപ്പിച്ചതിന് എതിരെയാണ് പ്രതിഷേധം. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ആണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ നിന്നുള്ള വിനോദയാത്രാ സംഘം മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. എല്ലാവരെയും രക്ഷപ്പെടുത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്താനായി പുഴയിലേക്ക് ചാടിയ ഒപ്പമുണ്ടായിരുന്ന ഗൈഡ് ഷിബിലിനെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. യുവാവിനായുള്ള തെരച്ചില്‍ ഏതാനും മീറ്ററുകള്‍ക്കപ്പുറത്ത് നടക്കുമ്പോള്‍ സമീപത്തു തന്നെ ഉദ്ഘാടന മാമാങ്കം സങ്കടിപ്പിച്ചത് അനുചിതമായെന്ന് ജിതിന്‍ പല്ലാട്ട് പറയുന്നു. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടത് ഇദ്ദേഹമായിരുന്നു.

അപകടം നടന്ന സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങിന്റെ സംഘാടക സമിതി കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ച് പരിപാടി മാറ്റിവെക്കാമെന്ന തീരുമാനത്തില്‍ എത്തിയിരുന്നെങ്കിലും അത് നടപ്പിലായില്ല. ഒരു ജീവന് വേണ്ടി നാടൊട്ടാകെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍, ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നെങ്കില്‍ യാതൊന്നും സംഭവിക്കാനില്ലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369022/rafting-inauguration-near-the-site-as-search-continues-for-missing-youth)