---
title: "ഇടുക്കിയിലെ സ്കൂളിൽ അതിക്രമം: ഏഴാം ക്ലാസുകാരനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയെന്ന് പരാതി; അധ്യാപകൻ നിർബന്ധിത അവധിയിൽ"
english_title: "Violence at school in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369021/Violence-at-schooL-in-Idukki"
published_at: "2026-06-28T14:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40e61b12bd6_18.jpg"
keywords: ["Latest News", "Idukki", "Violence At School"]
---

# ഇടുക്കിയിലെ സ്കൂളിൽ അതിക്രമം: ഏഴാം ക്ലാസുകാരനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയെന്ന് പരാതി; അധ്യാപകൻ നിർബന്ധിത അവധിയിൽ

> **Lead Summary:** **ഇടുക്കി: [**[ ]അണക്കരയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിൽ നടപടി. ആരോപണവിധേയനായ ശിവകുമാർ എന്ന അധ്യാപകനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സ്കൂൾ അധികൃതർ നിർദ്ദേശിച്ചു. തിങ്കളാഴ്ച ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി നേരിട്ട് പരിശോധന നടത്തും.

## Article Content

**ഇടുക്കി: [**[ ]അണക്കരയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിൽ നടപടി. ആരോപണവിധേയനായ ശിവകുമാർ എന്ന അധ്യാപകനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സ്കൂൾ അധികൃതർ നിർദ്ദേശിച്ചു. തിങ്കളാഴ്ച ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി നേരിട്ട് പരിശോധന നടത്തും.

തമിഴ് മീഡിയം വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് അധ്യാപകനിൽ നിന്ന് ക്രൂരമായ അനുഭവമുണ്ടായത്. തന്നെ പരിഹസിച്ചുവെന്നാരോപിച്ച് അധ്യാപകൻ ചൂരൽ കൊണ്ട് വടിയൊടിയുന്നത് വരെ കുട്ടിയെ മർദ്ദിക്കുകയും കരണത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനുപുറമെ, ക്ലാസ് മുറിയിൽ മുട്ടിൽ നിർത്തി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയതായും കുട്ടിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.

ശാരീരിക അസ്വസ്ഥതകളോടെ വീട്ടിലെത്തിയ കുട്ടിയെ പിന്നീട് വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ നൽകിയ വിവരത്തെത്തുടർന്ന് വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തിട്ടുണ്ട്.

സംഭവം പ്രാദേശികമായി ഒതുക്കിത്തീർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. മർദ്ദനം മാത്രമാണ് നടന്നതെന്നും മറ്റ് ഉപദ്രവങ്ങൾ ചെയ്തിട്ടില്ലെന്നുമാണ് അധ്യാപകന്റെ വാദം.

എന്നാൽ, വിഷയം അതീവ ഗൗരവകരമായി കാണുന്ന വിദ്യാഭ്യാസ വകുപ്പ്, തിങ്കളാഴ്ച സ്കൂളിലെത്തി ജീവനക്കാരുടെയും കുട്ടികളുടെയും മൊഴിയെടുക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369021/Violence-at-schooL-in-Idukki)