---
title: "റീൽസിനായി സ്ത്രീകളുടെ സ്കൂട്ടറിൽ ബൈക്കിടിച്ച് വീഴ്ത്തും, പിന്നാലെ 'സോറി'; ക്രൂരവിനോദം നടത്തിയ യൂട്യൂബർ ഡൽഹിയിൽ പിടിയിൽ"
english_title: "Hitting women to Make Reels, YouTuber Gurman Singh, Delhi Rider Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368994/hitting-women-to-make-reels-youtuber-gurman-singh-delhi-rider-arrest"
published_at: "2026-06-28T12:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40cca409344_Delhi_Rider_Arrest.jpg"
keywords: ["Latest News", "Hitting Women To Make Reels", "YouTuber Gurman Singh", "Delhi Rider Arrest"]
---

# റീൽസിനായി സ്ത്രീകളുടെ സ്കൂട്ടറിൽ ബൈക്കിടിച്ച് വീഴ്ത്തും, പിന്നാലെ 'സോറി'; ക്രൂരവിനോദം നടത്തിയ യൂട്യൂബർ ഡൽഹിയിൽ പിടിയിൽ

> **Lead Summary:** ന്യൂഡൽഹി: റീൽസ് ചിത്രീകരണത്തിനായി വനിതാ സ്കൂട്ടർ യാത്രികരെ ബൈക്ക് ഇടിച്ച് വീഴ്ത്തി വിനോദം കണ്ടെത്തിയിരുന്ന റൈഡറും യൂട്യൂബറുമായ യുവാവ് പിടിയിൽ. 'റോഡ് സേഫ്റ്റി വാല' എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ ഉടമയായ 32 കാരൻ ഗുർമാൻ സിംഗാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്.

## Article Content

ന്യൂഡൽഹി: റീൽസ് ചിത്രീകരണത്തിനായി വനിതാ സ്കൂട്ടർ യാത്രികരെ ബൈക്ക് ഇടിച്ച് വീഴ്ത്തി വിനോദം കണ്ടെത്തിയിരുന്ന റൈഡറും യൂട്യൂബറുമായ യുവാവ് പിടിയിൽ. 'റോഡ് സേഫ്റ്റി വാല' എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ ഉടമയായ 32 കാരൻ ഗുർമാൻ സിംഗാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്.

> തന്റെ പേജുകളിലേക്ക് റീൽസുകളും വീഡിയോകളും നിർമിക്കുന്നതിനാണ് ഇയാൾ വനിതാ സ്കൂട്ടർ യാത്രികരെ മനഃപൂർവം ബൈക്കിടിച്ച് വീഴ്ത്തിയിരുന്നത്. അപകടത്തിന് ശേഷം സംശയം തോന്നാതിരിക്കാൻ ഉടൻ തന്നെ "സോറി സഹോദരി" എന്ന് പറഞ്ഞ് മാപ്പ് ചോദിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. തുടർന്ന്, രഹസ്യമായി ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു പതിവ്. ഡൽഹിയിലെ സുഭാഷ് നഗറിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 2-ന് രാജ ഗാർഡൻ സ്വദേശി സണ്ണി അറോറ നൽകിയ പരാതിയിലാണ് യൂട്യൂബ‌റുടെ വിനോദം പുറംലോകം അറിഞ്ഞത്. തന്റെ പെൺമക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മനഃപൂർവം ബൈക്ക് ഇടിപ്പിക്കുകയും അവരെ പിന്തുടർന്ന് മോശമായി സംസാരിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചതായി കണ്ടെത്തിയത്.

നിരത്തുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഗുർമാൻ സിംഗ് ലക്ഷ്യം വെക്കുകയും മനഃപൂർവ്വം അവരുടെ വാഹനങ്ങളിൽ ഇടിക്കുകയുമാണ് പതിവെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതിൽ നിന്ന്, ഭൂരിഭാഗം വീഡിയോകളിലും സ്ത്രീകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണുള്ളതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ ഫോറൻസിക്, സാങ്കേതിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെ കൂട്ടാനും, വീഡിയോകൾ വൈറലാക്കി സമൂഹമാധ്യമങ്ങളിൽ നിന്നും വരുമാനം കണ്ടെത്താനുമാണ് ഇത്തരം വീഡിയോകൾ ചെയ്തതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കൂടുതൽ ആളുകളെ ആകർഷിക്കാനും സ്വന്തം തൃപ്തിക്കുമായി ബോധപൂർവ്വം സ്ത്രീകളെ ടാർഗെറ്റ് ചെയ്തതായും ഇയാൾ സമ്മതിച്ചു. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368994/hitting-women-to-make-reels-youtuber-gurman-singh-delhi-rider-arrest)